ഡീസൽ ക്ഷാമം; കുമളി ഡിപ്പോയിൽ പകുതിയോളം സർവ്വീസുകൾ നിലച്ചു

kumali-depot-main
SHARE

ഡീസൽ ക്ഷാമത്തെ തുടർന്ന്  കെ എസ് ആർ ടി സി കുമളി ഡിപ്പോയിൽ നിന്നുള്ള പകുതിയോളം സർവ്വീസുകൾ നിലച്ചു. യാത്രക്കാർക്ക് പുറമെ കണ്ടക്ടറും ഡ്രൈവർമാരും പ്രതിസന്ധിയിലായി. ദേശീയപാതയിൽ വെള്ളം കയറിയതുകൊണ്ട്  രണ്ടാഴ്ചയിലേറെ താറുമാറായ സർവീസുകൾ  പ്രവർത്തിച്ച് തുടങ്ങുന്നതിനിടെയാണ് ഡീസൽ ക്ഷാമം തിരിച്ചടിയായത്

47 സർവ്വീസുകളാണ് കുമളി ഡിപ്പോയിലുള്ളത്. 22 സർവ്വീസുകളുടെ 60 ഓളം ട്രിപ്പുകളാണ് ഡീസൽ ക്ഷാമം  മൂലം  മുടങ്ങിയത്. ഡീസൽ എപ്പോൾ എത്തുമെന്ന കാര്യത്തിൽ വ്യക്തമായ മറുപടി പറയാൻ ഡിപ്പോ അധികൃതർക്ക് കഴിയുന്നില്ല. ഡീസൽ എത്താൻ വൈകുന്നതോടെ കൂടുതൽ സർവ്വീസുകൾ റദ്ദാക്കേണ്ടി വരുമെന്നതാണ് സ്ഥിതി. അഞ്ചര ലക്ഷം രൂപ ശരാശരി വരുമാനമുള്ള കുമളി ഡിപ്പോയ്ക്ക് ഓഗസ്റ്റ് മാസം കനത്ത നഷ്ടമാണ് ബാലൻസ് ഷീറ്റിലുള്ളത്. 

കോട്ടയം - കുമളി റോഡിൽ നെല്ലിമല കവലയിൽ ആഴ്ചകളോളം വെള്ളം കയറിയതിനാൽ  നിരവധി സർവ്വീസുകൾ നിലച്ചിരുന്നു. നേരത്തെ ടയർ ക്ഷാമം മൂലം സർവ്വീസുകൾ നിലച്ചത് ഡിപ്പോയുടെ പ്രവർത്തനത്തിന്റെ താളം തെറ്റിച്ചു. കെ എസ് ആർ ടി സി ജീവനക്കാരാണ് ഇതോടെ കൂടുതൽ പ്രതിസന്ധിയിലായതു.

ഒരു മാസം നിശ്ചിത ഡ്യൂട്ടി ചെയ്യാൻ പലപ്പോഴും ഇവർക്ക് കഴിയുന്നില്ല. എല്ലാ ദിവസവും ഡിപ്പോയിൽ എത്തുന്ന ഇവർക്ക് ജോലി ചെയ്യാതെ മടങ്ങേണ്ടിയും വരുന്നു. അടിയന്തിരമായി പ്രശ്നം പരിഹരിച്ചില്ല എങ്കിൽ ഉൾഗ്രാമങ്ങളിൽ ഉൾപ്പെടെ യാത്ര ക്ലേശം രൂക്ഷമാകും. സർവ്വീസുകൾ ആരംഭിക്കുന്നില്ല എങ്കിൽ ശക്തമായ ജനകീയ സമരം തുടങ്ങാനാണ് തീരുമാനം

MORE IN CENTRAL
SHOW MORE