ഇടുക്കിയിൽ ഏലം എസ്റ്റേറ്റ് മാനേജരെ കാട്ടാന ചവിട്ടി കൊലപ്പെടുത്തി

elephant-attack-death
SHARE

ഇടുക്കി ശാന്തന്‍പാറയില്‍ ഭാര്യയ്ക്കും സുഹൃത്തിനുമൊപ്പം താമസസ്ഥലത്തേക്ക് നടന്നുപോയ  ഏലം എസ്റ്റേറ്റ് മാനേജരെ കാട്ടാന ചവിട്ടി കൊലപ്പെടുത്തി. ഉടുമ്പന്‍ചോല ശാന്തിപുരം സ്വദേശി കുമാറിനെ ഇന്നലെ  അര്‍ദ്ധരാത്രിയോടെ രാജാപ്പാറയിലെ എസ്റ്റേറ്റിന് സമീപം കാട്ടാന ആക്രമിച്ചത്.

കുമാറും ഭാര്യ കവിത, സുഹൃത്ത് ചുരുളി എന്നിവരും തമിഴ്‌നാട്ടില്‍ പോയി രാത്രി പന്ത്രണ്ടരയോടെ ട്രിപ്പ് ജീപ്പില്‍ രാജാപ്പാറയിലെത്തിയശേഷം രണ്ടര കിലോമീറ്ററകലെയുള്ള എസ്റ്റേറ്റ് ലയത്തിലേക്ക് നടന്നുപോകുമ്പോഴാണ് കാട്ടാനയുടെ മുന്നില്‍പെട്ടത്. കവിതയും ചുരുളിയും മുന്നോട്ട് ഓടിയെങ്കിലും തിരിഞ്ഞോടിയ കുമാറിനെ ആന തുമ്പിക്കൈകൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. അടിയേറ്റ് കുമാറിന്റെ തലയുടെ പിന്‍വശത്ത് ക്ഷതമേല്‍ക്കുകയും ചവിട്ടേറ്റ് വലതുകാല്‍ ഒടിയുകയും ചെയ്തു. ഭയന്നോടിയ  കുമാറിന്റെ ഭാര്യ കവിതയും സുഹൃത്ത് ചുരുളിയും തൊട്ടടുത്ത വീട്ടില്‍ അഭയം തേടി. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ചെത്തിയപ്പോഴേക്കും ആന ഇവിടെ  നിന്ന് പോയിരുന്നു.

കാട്ടാനയെ കണ്ട ഭാഗത്തുനിന്നും അല്‍പം മാറിയാണ് കുമാറിന്റെ മൃതദേഹം കിടന്നിരുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് പൊന്മുടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.ഡി.അനില്‍കുമാര്‍, ബോഡിമെട്ട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.കെ.വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ വനപാലക സംഘം രാത്രി തന്നെ സ്ഥലത്തെത്തി.  നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം സ്വദേശമായ ബോഡിനായ്ക്കന്നൂര്‍ മീനാക്ഷിപുരത്തെത്തിച്ച് സംസ്‌കരിച്ചു.

MORE IN CENTRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.