എരൂരില്‍ മാലിന്യം കലര്‍ന്ന് കിണര്‍ വെള്ളത്തിന്റെ നിറം കറുപ്പായി

well-water-t
SHARE

തൃപ്പൂണിത്തുറ എരൂരില്‍ മാലിന്യം കലര്‍ന്ന് കിണര്‍ വെള്ളത്തിന്റെ നിറം കറുപ്പായി മാറി. പുത്തൻകുളങ്ങര കുറ്റിക്കാട്ട് ലൈനിലെ വീടുകളിലെ കിണറുകളാണ് മലിനമായത്. സമീപത്തെ മാലിന്യം നിറഞ്ഞ കുഴി നികത്താന്‍ അധികൃതർ തയാറാകാത്തതാണ് കിണര്‍ വെള്ളം മലിനമാകാന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. 

എരൂർ പഴയ മേൽപ്പാലം നിർമിക്കുന്നതിന് മണ്ണെടുത്ത വലിയ കുഴിയിലാണ് മലിനജലം കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുന്നത്. കഴിഞ്ഞ  ദിവസങ്ങളിലുണ്ടായ മഴയിൽ കുഴിയിലെ വെള്ളം നിറഞ്ഞു കവിഞ്ഞ് റോഡിലേക്കും സമീപത്തെ വീടുകളിലേക്കും ഒഴുകാൻ തുടങ്ങി. സമീപത്തെ വീടുകളിലെ കിണര്‍വെള്ളത്തിന്റെ നിറവും മാറി. കുടിക്കാന്‍ പോയിട്ട് പാത്രം കഴുകാന്‍ പോലും ഈ വെള്ളം ഉപയോഗിക്കാനാവില്ല. കുടിവെള്ളമടക്കമുള്ളവ വലിയ തുക നല്‍കി പുറത്ത് നിന്ന് വാങ്ങേണ്ട അവസ്ഥയിലാണ് സമീപവാസികൾ. ശുചിമുറി മാലിന്യം ഉള്‍പ്പെടെ ഒട്ടേറെ സ്ഥലങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ ഈ കുഴിയില്‍ ഇടാറുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. പ്ലാസ്റ്റിക് കവറുകളിൽ കെട്ടി തള്ളുന്ന ഭക്ഷണാവശിഷ്ടങ്ങൾ ചീഞ്ഞളിഞ്ഞു കിടക്കുകയാണ്. കറുത്ത നിറത്തോടുകൂടിയ വെള്ളം റോഡിലൂടെ ഒഴുകിയിട്ടും നടപടിയെടുക്കേണ്ടവര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി. മലിന വെള്ളത്തിൽ നിന്നുള്ള പുഴുക്കളും ഇവരുടെ വീടുകളിലേക്ക് കയറാന്‍ തുടങ്ങിയതോടെ  ജീവിതം ദുഷ്കരമായി. സമീപത്തെ വീടിനകത്തിരുന്ന് ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. ദുര്‍ഗന്ധവും രോഗഭീതിയും മൂലം പലരും ഇവിടെനിന്ന് മാറിത്താമസിക്കേണ്ട ഗതികേടിലാണ്. നഗരസഭയോ ജില്ലാ ഭരണകൂടമോ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

MORE IN CENTRAL
SHOW MORE