ദുരിതപ്പെയ്ത്ത് കോട്ടയത്തും; കനത്ത നാശനഷ്ടം: 154 വീടുകൾ ഭാഗികമായി തകർന്നു

kottayam-rain-havoc
SHARE

മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയില്‍ കോട്ടയം ജില്ലയില്‍ വ്യാപക നാശനഷ്ടം. കാറ്റിലും മഴയിലുമായി  അന്‍പത് ഏക്കറിലെ കൃഷിനശിച്ചതിന് പുറമെ 154 വീടുകളും ഭാഗികമായി തകര്‍ന്നു. പ്രകൃതിദുരന്ത സാധ്യത വര്‍ധിച്ചതോടെ  റവന്യുവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി. ജില്ലകളിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്

കോട്ടയം ജില്ലയിലെ ഈ വർഷത്തെ ഏറ്റവും കൂടിയ മഴയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്.  5.3 സെന്റീമീറ്റർ മഴ ഒറ്റദിവസം പെയ്തിറങ്ങി. മീനച്ചിലാറും മണിമലയാറും കരകവിഞ്ഞ് ഒഴുകിയതോടെ വെള്ളപ്പൊക്ക ഭീഷണിയും വര്‍ധിച്ചു. മണിമലയാറ്റിൽ  ജലനിരപ്പ് 10 അടിയായി ഉയർന്നു. മലയോര മേഖലകളിൽ ചെറു തോടുകൾ കരകവിഞ്ഞൊഴുകിയത് മൂലം മണ്ണൊലിച്ച് കപ്പ വാഴ തുടങ്ങിയ കൃഷിയിടങ്ങളിലും നാശമുണ്ടായി.

കുറവിലങ്ങാട്, കാണക്കാരി, വെളിയന്നൂർ, ഉഴവൂർ, മരങ്ങാട്ടുപിള്ളി പഞ്ചായത്തുകളിൽ പച്ചക്കറി, മരച്ചീനി കൃഷികൾ വെള്ളത്തിലായി.  154 വീടുകളാണ് ഭാഗീകമായി തകർന്നത്. 22 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കാറ്റിൽ മരങ്ങൾ കടപുഴകിയും ഒടിഞ്ഞ് വീണുമാണ് മിക്ക വീടുകളും തകർന്നത്. കോട്ടയം താലൂക്കിൽ മാത്രം 74 വീടുകൾ തകര്‍ന്നു. നിരവധി വീടുകളിലും വെള്ളംകയറി. 

വെള്ളപ്പൊക്കം, മണ്ണൊലിച്ചില്‍, ഉരുള്‍പ്പൊട്ടല്‍ സാധ്യത വര്‍ധിച്ചതോടെ കലക്ടറേറ്റിലും എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. മലയോരമേഖലയിലെ ഭൂരിഭാഗം സ്ഥലങ്ങളിലും വൈദ്യുതി ബന്ധം തടസപ്പെട്ടു. ജില്ലയിലെ കെഎസ്ഇബിക്ക് ഒരു കോടിരൂപയിലധികം നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക കണക്ക്. കോട്ടയം കുമളി റോഡിനു പുറമെ ജില്ലയിലെ ഒട്ടുമിക്ക ഗ്രാമീണറോഡുകളും മഴയില്‍ തകര്‍ന്നതോടെ വാഹനഗതാഗതവും പ്രതിസന്ധിയിലായി.

MORE IN CENTRAL
SHOW MORE