കെട്ടിടം ഇടിഞ്ഞ സംഭവം: കമ്പനിക്കെതിരെ നടപടി; വിള്ളല്‍ ഭാഗം ബലപ്പെടുത്തും

kaloor-building
SHARE

കൊച്ചി കലൂരിൽ നിർമാണത്തിനിടെ കെട്ടിടം ഇടിഞ്ഞ് താഴ്ന്ന് റോഡ് തകർന്ന സംഭവത്തിൽ അറ്റകുറ്റപണിക്കുള്ള പണം സ്വകാര്യ കമ്പനിയിൽ നിന്നീടാക്കും. സംഭവത്തിൽ അന്വേഷണത്തിനായി കലക്ടർ രൂപീകരിച്ച ആറംഗ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അപകടത്തിന്റെ വ്യാപ്തി പരിശോധിക്കാനായി മറ്റൊരു വിദഗ്ധ സമിതി രൂപീകരിക്കുമെന്നും കലക്ടർ അറിയിച്ചു. 

കെട്ടിടം ഇടിഞ്ഞുതാഴ്ന്നതിനെത്തുടർന്ന് സമീപത്തെ റോഡുകൾക്കെല്ലാം കേട്ടുപാട് സംഭവിച്ചിരുന്നു. ഇതെ തുടർന്ന് വ്യാഴാഴ്ച്ച രാത്രി മുതൽ കലൂർ നോർത്ത് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഗതാഗതം പുനസ്ഥാപിക്കാനായി കലക്ടർ നിയമിച്ച സമിതി അപകടസ്ഥലം പരിശോധിച്ച ശേഷം രാത്രി എട്ടരയോടെ റിപോർട്ട് സമർപിച്ചു. 

ബുധനാഴ്ച്ചയ്ക്കുള്ളിൽ പ്രദേശത്തെ ഗതാഗതം  പൂർവ്വസ്ഥിതിയിലാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ആദ്യ പടിയായി റോഡിൽ വിള്ളൽ രൂപപ്പെട്ട ഭാഗങ്ങൾ ബലപ്പെടുത്തും. റോഡിനോട് ചേർന്ന് മണ്ണ് ഒലിച്ചുപോയ ഭാഗത്ത് അഞ്ച് അടി ഉയരത്തിൽ മണ്ണിട്ട് ഉയർത്തും.  ഇതിനുള്ള ചെലവ് അപകടത്തിന് കാരണക്കാരായ സ്വകാര്യ കമ്പനിയിൽ നിന്നീടാക്കും. അപകടം വരുത്തി വച്ച നിർമാണക്കമ്പനിയുടെ ലൈസൻസ്  റദ്ദാക്കിയതിന് പുറമെ കെട്ടിടം പണിയാൻ നഗരസഭ നൽകിയ പെർമിറ്റ് റദ്ദാക്കാനും യോഗത്തിൽ തീരുമാനമായി. 

സംഭവസ്ഥലത്തെ ജലവിതരണ പൈപ്പ് മുന്നൂറ് മീറ്ററോളം പൊട്ടിയതിനാൽ വടുതല, എളമക്കര, എസ് ആർ എം റോഡ്, എം ജി റോഡിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ  വരും ദിവസങ്ങളിൽ ജല വിതരണം മുടങ്ങും. റോഡിന്റെ നിർമാണം പൂർത്തിയായാൽ മാത്രമേ ഈ പ്രദേശത്തേക്കുള്ള ജല വിതരണം പുനസ്ഥാപിക്കാനാകു. അറ്റകുറ്റപണികൾക്ക് മേൽനോട്ടം വഹിക്കാൻ കലക്ടർ ഞായറാഴ്ച്ച സംഭവസ്ഥലം സന്ദർശിക്കും. കലൂരിൽ നിന്ന് ഹൈക്കോടതി ഭാഗത്തേക്കുള്ള റോഡ്ഗതാഗതവും മെട്രോ സർവീസും ഇന്നലെ ഉച്ചയോടു കൂടി പുനസ്ഥാപിച്ചു. 

MORE IN CENTRAL
SHOW MORE