കർഷകരുടെ വ്യാജ ഒപ്പിട്ട് വായ്പതട്ടിപ്പ്; ഫാ.തോമസ് പീലിയാനിക്കല്‍ ഒളിവിൽ

fr-thomas-peeliyanikkal
SHARE

കുട്ടനാട് വികസന സമിതി എക്സിക്യൂട്ടിവ് ഡയരക്ടര്‍ ഫാ.തോമസ് പീലിയാനിക്കല്‍ ഒളിവിലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം. കുട്ടനാട്ടിലെ നെല്‍കൃഷിയുടെ മറവില്‍ നടന്ന ബാങ്ക് വായ്പതട്ടിപ്പില്‍ ഫാ.പീലിയാനിക്കല്‍ പ്രതിയാണ്. അറസ്റ്റ് ഭയന്നാണ് ഒളിവില്‍പോയതെന്ന് സൂചന

കുട്ടനാട് വികസന സമിതിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത സംഘങ്ങളുടെ പേരിലാണ് വ്യാപകമായ സാമ്പത്തിക തട്ടിപ്പ് നടന്നത്. കര്‍ഷകരുടെ പേരില്‍ അവര്‍പോലും അറിയാതെ ബാങ്ക്‌വായ്പ എടുക്കുക, കര്‍ഷകര്‍ക്ക് നല്‍കാതിരിക്കുക തുടങ്ങിയ തന്ത്രങ്ങളിലൂടെ കുട്ടനാട് വികസന സമിതി വ്യാപകമായി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി. ഈ പരാതിയില്‍ വികസന സമിതി എക്സിക്യൂട്ടിവ് ഡയരക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ പ്രതിയാണ്. ക്രൈബ്രാഞ്ച് അന്വേഷണസംഘം കേസുമായി ബന്ധപ്പെട്ട് പലതവണ മൊഴിയെടുക്കാന്‍ വിളിപ്പിച്ചെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഫാ.പീലിയാനിക്കല്‍ ഹാജരായിരുന്നില്ല. ഇപ്പോള്‍ അന്വേഷണം അന്തിമ ഘട്ടത്തിലെത്തിനില്‍ക്കെ അറസ്റ്റുണ്ടാകുമെന്ന സൂചന വന്നതോടെയാണ് അദ്ദേഹം ഒളിവില്‍ പോയത്. കാവാലം സ്വദേശി കെ.സി. ഷാജി നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. 

കര്‍ഷകരുടെ പേരില്‍ വ്യാജ ഒപ്പിട്ടാണ് പണംതട്ടിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. എന്‍സിപി നേതാവും വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ അഡ്വ. റോജോ ജോസഫാണ് സംഘങ്ങള്‍ക്ക് വായ്പ തരപ്പെടുത്തിയത്. ഇത്തരത്തിലുള്ള 186 ഗ്രൂപ്പുകള്‍ക്ക് ഫാ. പീലിയാനിക്കല്‍ ശുപാര്‍ശ ചെയ്ത് കാര്‍ഷിക വായ്പയാണ് ബാങ്കുകള്‍ നല്‍കിയത്. സംഘത്തിന്റെ സെക്രട്ടറിയും പ്രസിഡന്റും നേരിട്ട് പോയി ഒപ്പിട്ട് കൊടുത്താല്‍ സംഘത്തിലെ മറ്റുള്ളവരുടെ പേരിലും വായ്പ കിട്ടുമെന്ന സൗകര്യത്തിലാണ് ഈ തട്ടിപ്പ് നടന്നത്. ചുരുക്കം ചിലര്‍ക്കുമാത്രമാണ് പേരിനെങ്കിലും വായ്പാപ്പണം കിട്ടിയത്. ബാക്കി പണം എങ്ങോട്ടുപോയെന്നോ ആരു കൈപ്പറ്റിയെന്നോ കര്‍ഷകര്‍ക്കുമറിയില്ല. 

MORE IN CENTRAL
SHOW MORE