വനംവകുപ്പ് മുട്ടുമടക്കി: കൊച്ചി–ധനുഷ്കോടി ദേശീയ പാത നിർമാണം പുനരാരംഭിച്ചു

road-protest
SHARE

വനംവകുപ്പിന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് നിലച്ച കൊച്ചി–ധനുഷ്കോടി ദേശീയ പാതയുടെ നിര്‍മാണം പുനരാരംഭിച്ചു. ഏലം കുത്തകപ്പാട്ട ഭൂമി റവന്യൂ ഭൂമിയാണെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെയാണ് പ്രതിസന്ധിക്ക് പരിഹാരമായത്. റോഡ് കടന്നുപോകുന്നത് വനഭൂമിയാണെന്ന് ചൂണ്ടികാട്ടിയാണ് വനംവകുപ്പ് ദേശീയപാത നിര്‍മാണം തടസപ്പെടുത്തിയത്. 

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാർ മുതല്‍ ബോഡിമെട്ട് വരെയുള്ള 46 കിലോമീറ്റര്‍ റോഡിന്‍റെ നവീകരണമാണ് വനംവകുപ്പിന്‍റെ പിടിവാശിയെ തുടര്‍ന്ന് മാസങ്ങളോളം നിര്‍ത്തിവെച്ചത്. റോഡ് കടന്നുപോകുന്ന ദേവികുളം മുതല്‍ ബോഡിമെട്ട് വരെയുള്ള 24 കിലോമീറ്റര്‍ ഏലം കുത്തകപാട്ട ഭൂമിയാണെന്നായിരുന്നു വനംവകുപ്പിന്‍റെ അവകാശവാദം. ഇക്കാരണം ചൂണ്ടി കാട്ടി പ്രദേശത്തെ മരങ്ങള്‍ മുറിക്കുന്നതും വനം വകുപ്പ് തടഞ്ഞു. ഇതോടെ നഷ്ടം സഹിക്കാന്‍ വയ്യാതെ നിര്‍മാണം നിര്‍ത്തിവെക്കാന്‍ കരാറുകാരന്‍ നിര്‍ബന്ധിതനായി. വനംവകുപ്പിനെതിരെ ജനങ്ങളും രംഗത്തുവന്നതോടെയാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപ്പെട്ടത്. ഏലംകുത്തകപാട്ട ഭൂമി റവന്യൂഭൂമിയാണെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ റോഡിനായി ഏറ്റെടുത്ത ഭൂമി പൂര്‍ണമായും റവന്യൂ പുറമ്പോക്കാണെന്നും വ്യക്തമാക്കി ഉത്തരവിറക്കി. ഇതാണ് നിര്‍മാണം പുനരാരംഭിക്കാന്‍ കളമൊരുക്കിയത്. 

381 കോടി രൂപ ചിലവിൽ നിർമിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ദേശീയ പാത വികസന പദ്ധതിയാണിത്. രണ്ടു വർഷത്തിനുള്ളിൽ 42 കിലോമീറ്റർ ദൂരം ഇരട്ടപ്പാതയായി നവീകരിക്കണമെന്നാണ് കരാർ. നീലക്കുറിഞ്ഞി പൂക്കാലത്തിന് മുന്‍പ് റോഡ് ഭാഗികമായെങ്കിലും സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കുകയെന്ന ലക്ഷ്യത്തോടെ നിര്‍മാണം പുരോഗമിക്കുന്നത്. 

MORE IN CENTRAL
SHOW MORE