കോട്ടയത്തെ കാര്‍ഷിക മേഖല ഓരുവെള്ള ഭീഷണിയിൽ

vaikom-spilway
SHARE

കോട്ടയം വൈക്കം കരിയാര്‍ സ്പില്‍വെ മുന്നറിയിപ്പില്ലാതെ തുറന്നതോടെ പ്രദേശത്തെ കാര്‍ഷികമേഖല ഓരു വെള്ള ഭീഷണിയില്‍. സ്പില്‍വെ തുറക്കുന്നത് ജനപ്രതിനിധികളെയോ കര്‍ഷകരെയോ മുന്‍കൂട്ടി അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്.  

ഉദ്യോഗസ്ഥ തീരുമാനപ്രകാരമായിരുന്നു തണ്ണീര്‍മുക്കം ബണ്ട് തുറന്നതിനൊപ്പം കരിയാര്‍ സ്പില്‍വെയുടെ ഷട്ടറുകളും തുറന്നത്.  പത്ത് ഷട്ടറും ലോക്കും ഉള്ള സ്പില്‍വെയാണ് കരിയാറിലേത്. വൈക്കത്തെ നെല്‍കൃഷിയെയും മറ്റ് കാര്‍ഷിവിളകളെയും ഓരു വെള്ളത്തില്‍ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് കോടികള്‍ മുടക്കി ഇവിടെ സ്പില്‍വെ നിര്‍മിച്ചത്. എന്നാല്‍ വേണ്ടത്ര കൂടിയാലോചനകളില്ലാതെ ഉദ്യോഗസ്ഥര്‍ മലിനജലം തുറന്ന് വിട്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പതിനയ്യായിരം ഹെക്ടറോളം പാടശേഖരവും  ഇരുപതിനായിരം ഏക്കറോളം വരുന്ന മറ്റ് കൃഷിയിടങ്ങളുമാണ് ഇതോടെ ഓരുവെള്ള ഭീഷണിയിലായിരിക്കുന്നത്. ഷട്ടർ തുറന്നതോടെ  ഇടത്തോടുകളില്‍ ഉപ്പുവെള്ളം കയറാൻ തുടങ്ങുമെന്നതാണു ആശങ്ക. നിലവിൽ മറ്റ് തോടുകളിൽ ഇട്ടിരിക്കുന്ന ഓരുമുട്ടുകൾ വേലിയേറ്റ സമയത്ത് കവിഞ്ഞൊഴുകുമെന്നതും ഉപ്പുവെള്ളം വ്യാപിക്കാൻ കാരണമാവും. 1500 ഹെക്ടർ വരുന്ന നെൽ പാടശേഖരങ്ങളിലെ അടുത്ത കൃഷിക്കുള്ള ഒരുക്കങ്ങളെയും ഓരൂ വെളളം ബാധിക്കുമെന്നുമാണ് ആക്ഷേപം.

സ്പിൽ വെ ഷട്ടറുകൾ ഇട്ടിരുന്ന സമയത്തു തന്നെ അധികൃതരുടെ അനാസ്ഥയും ഷട്ടറുകളുടെ അപാകതയും മൂലം ജാതി കൃഷിയടക്കം വ്യാപകമായി കരിഞ്ഞുണങ്ങിയിരുന്നു. അതിനിടയിലാണ് ഉദ്യോഗസ്ഥരുടെ തന്നിഷ്ടപ്രകാരമുള്ള നടപടി കർഷകർക്ക് ഇടിതീയായിരിക്കുന്നത്. പരാതി വ്യാപകമായതോടെ സ്പിൽവെയുടെ ഷട്ടറുകൾ അടക്കാനാണ് പുതിയ തീരുമാനം എന്നാൽ ഇടതോടുകളിൽ ഉപ്പുവെള്ളം എത്തിയതിനാൽ എത്രത്തോളം നഷ്ടമുണ്ടാകുമെന്ന ആശങ്കയിലാണ് കർഷകർ

MORE IN CENTRAL
SHOW MORE