പുഴയുടെ തീരത്തുളള സാമൂഹികവിരുദ്ധ കേന്ദ്രം തുടച്ചു നീക്കി വീട്ടമ്മമാരുടെ സംഘടന

river-preservation
SHARE

പുഴയുടെ തീരത്ത് വര്‍ഷങ്ങളായുള്ള സാമൂഹികവിരുദ്ധ കേന്ദ്രം വീട്ടമ്മമാരുടെ സംഘടന തുടച്ചുനീക്കി. പൊന്തക്കാടും മാലിന്യവും നീക്കി സ്ഥലം വൃത്തിയാക്കിയെടുക്കാന്‍ സംഘടിച്ചത് പുഴസംരക്ഷണ സമിതി രൂപികരിച്ചായിരുന്നു. തൃശൂര്‍ കരുവന്നൂരിലാണ് നാട്ടുകാരുടെ ഈ ശ്രമം.

പുഴ സംരക്ഷിക്കാനാണ് ഈ പ്രതിജ്ഞ. തൃശൂര്‍ കരുവന്നൂര്‍ പുഴയിലെ കന്നുകാലി കടവ് സാമൂഹികവിരുദ്ധരുടെ കേന്ദ്രമായിരുന്നു. രാത്രി മുഴുവന്‍ ഈ തുരുത്തില്‍ ആളുണ്ടാകും. കഞ്ചാവും മദ്യവും ഒഴുകിയിരുന്ന സ്ഥലം. രാത്രികാലങ്ങളില്‍ ആളുകള്‍ വരാന്‍ മടിച്ചിരുന്ന സ്ഥലം. പരിസരത്തെ വീടുകളിലെ സ്ത്രീകളാണ് മുന്നേറ്റത്തിന് തുടക്കമിട്ടത്. ആദ്യം ജനങ്ങളെ സംഘടിപ്പിക്കലായിരുന്നു ജോലി. ഏകദേശം അറുപതു പേര്‍ സംഘടനയില്‍ അംഗങ്ങളായി. യുവാക്കളാരും ഇല്ല എന്നതാണ് പ്രത്യേകത. എല്ലാവരും അന്‍പതു വയസു കഴിഞ്ഞവര്‍. നാടുനന്നാക്കാന്‍ പ്രായം മറന്ന് ഇവര്‍ ഇറങ്ങി. ഈ മുന്നേറ്റം ഫലം കണ്ടു. സാമൂഹികവിരുദ്ധരുടെ ശല്യം കുറഞ്ഞു.

ഇനി, ഈ കടവ് ഒരു ടൂറിസം കേന്ദ്രമാക്കണമെന്നാണ് നാട്ടുകാരുടെ ആഗ്രഹം. നല്ല വൃത്തിയുള്ള കടവാക്കി മാറ്റിയാല്‍ സന്ധ്യനേരങ്ങളില്‍ കുടുംബങ്ങള്‍ക്കു സമയം ചെലവിടാനുള്ള ഇടമായി മാറും. രാത്രികാലങ്ങളില്‍ ആവശ്യത്തിന് വെളിച്ചം ഒരുക്കണം. മാലിന്യം നിറഞ്ഞ  ഈ സ്ഥലം വൃത്തിയാക്കിയെടുക്കാന്‍ ഇവര്‍ക്ക് ആകെ ചെലവായത് പന്ത്രണ്ടായിരം രൂപയാണ്. അരമണിക്കൂറു കൊണ്ട് നാട്ടുകാര്‍ പിരിച്ച തുകയാണിത്. പൊന്തക്കാടും മാലിന്യവും നിറഞ്ഞ സാമൂഹികവിരുദ്ധ കേന്ദ്രങ്ങള്‍ തുടച്ചുനീക്കിയ ഏകം സംഘടനയുടെ ശ്രമം മറ്റുള്ളവര്‍ക്കും മാതൃകയാണ്. 

MORE IN CENTRAL
SHOW MORE