കടുകട്ടി പണിക്കും കുടുംബശ്രീ- വിഡിയോ

Thumb Image
SHARE

വഴിയരികിലെ പുല്ലു ചെത്തിയും നാടന്‍  ഭക്ഷണവും വിറ്റ് ഉപജീവനം തേടിയിരുന്ന കുടുംബശ്രീ സംഘങ്ങള്‍ തൊഴില്‍ മേഖല മാറ്റിപ്പിടിക്കുന്നു. പുരുഷന്‍ കയ്യടക്കിവച്ചിരുന്ന കിണര്‍, കുള നിര്‍മാണങ്ങളുമായി വനിതാ കുടുംബശ്രീ കൂട്ടായ്മകള്‍ തൃശൂരിന്റെ ഗ്രാമങ്ങളില്‍ തൊഴില്‍ സംസ്ക്കാരം രൂപപ്പെടുത്തുകയാണ്.  

തൃശൂര്‍ നടത്തറ പഞ്ചായത്ത് പരിധിയിലെ പയ്യനത്തുള്ള കോണ്‍ക്രീറ്റ് ഇഷ്ടിക നിര്‍മാണ യൂണിറ്റാണിത്. ഇഷ്ടിക നിര്‍മാണ കേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍ കുടുംബശ്രീയിലെ വനിതകളാണ്. പഞ്ചായത്തിന്റെ നിര്‍മാണ പദ്ധതികള്‍ക്ക് ആവശ്യമുള്ള എല്ലാ ഇഷ്ടികയും നിര്‍മിക്കുന്നത് ഈ യൂണിറ്റില്‍ നിന്ന്. ഒരു ഡസന്‍ വനിതകള്‍ ഇഷ്ടിക നിര്‍മാണ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നു. പുതിയ തൊഴില്‍ മേഖലയിലെ പ്രവര്‍ത്തനം വനിതകള്‍ക്ക് ആത്മവിശ്വാസം പകരുകയാണ്.

വഴിയരികില്‍ മുളയ്ക്കുന്ന പുല്ല് പേരിന് െചത്തി സമയം കളയുന്ന തൊഴിലിരിപ്പുകാര്‍ എന്ന മോശപ്പേര് മാറ്റിയെടുക്കാനായിരുന്നു നടത്തറ പഞ്ചായത്തിന്റെ ശ്രമം. പഞ്ചായത്തിന് കീഴിലുള്ള കുടുംബശ്രീ സംഘങ്ങളെ വ്യത്യസ്തമായ തൊഴിലുകള്‍ പരിശീലിപ്പിച്ചു. കിണര്‍ കുത്താനും കുളം കുഴിക്കാനും കയ്യാല കെട്ടാനും കുടുംബശ്രീക്കാര്‍ ഇറങ്ങി. കൂലിപ്പണിയില്‍ കള്ളത്തരം കാട്ടാതെ പണിയെടുക്കുന്ന കുടുംബശ്രീ വനിതകളെ തേടി കൈനിറയെ ജോലികളാണ് ഇപ്പോള്‍. കുടുംബശ്രീ കൂട്ടായ്മയില്‍ പുതിയ പുതിയ സംരംഭങ്ങള്‍ വീണ്ടും പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് നടത്തറ പഞ്ചായത്ത്.

MORE IN CENTRAL
SHOW MORE