ഉറപ്പ്!! തേക്കിൻകാട് മൈതാനം 24 മണിക്കൂറിനുള്ളിൽ വൃത്തിയാക്കും

Thumb Image
SHARE

സി.പി.എം. സംസ്ഥാന സമ്മേളനത്തിന് ശേഷമുള്ള അവശിഷ്ടങ്ങള്‍ തൃശൂര്‍ തേക്കിന്‍ക്കാട് മൈതാനത്ത് നിന്ന് മാറ്റാത്തതിന് എതിരെ ബി.ജെ.പിയുടെ പ്രതിഷേധം. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഓഫിസിലേക്ക് പ്രതിഷേധവുമായി ബി.ജെ.പി., യുവമോര്‍ച്ച നേതാക്കള്‍ ഇരച്ചുക്കയറി. ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ മൈതാനം വൃത്തിയാക്കാമെന്നാണ് ബോര്‍ഡ് ഉദ്യോഗസ്ഥരുെട ഉറപ്പ്. 

സി.പി.എം. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തൃശൂര്‍ തേക്കിന്‍ക്കാട് മൈതാനത്ത് സി.പി.എം. ചരിത്ര പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. സമ്മേളനം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞിട്ടും സമ്മേളനത്തിന് ഉയര്‍ത്തിയ പന്തലോ കമാനങ്ങളോ ശുചിമുറിയോ തേക്കിന്‍ക്കാട് മൈതാനത്ത് നിന്ന് മാറ്റിയിട്ടില്ലെന്നാണ് ബി.ജെ.പിയുടെ പരാതി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥയാണ് ഇതിന് പിന്നില്ലെന്ന് ബി.ജെ.പി. ആരോപിച്ചു. മറ്റു രാഷ്ട്രീയ സംഘടനകള്‍ ഒരു കൊടി പോലും വച്ചാല്‍ എടുത്തുമാറ്റുന്ന ദേവസ്വം ബോര്‍ഡ് സി.പി.എമ്മിനോട് കാട്ടുന്ന മൃദുസമീപനമാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചത്. തേക്കിന്‍ക്കാട് മൈതാനത്തെ അവശിഷ്ടങ്ങള്‍ നേരില്‍കണ്ട നേതാക്കള്‍ നേരെ പോയത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഓഫിസിലേക്കായിരുന്നു. 

പ്രതിഷേധം കനത്തതോടെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഒരുകാര്യം ഉറപ്പുനല്‍കി. ഇരുപത്തിനാലു മണിക്കൂര്‍ സാവകാശം തന്നാല്‍ എല്ലാം മാറ്റി വൃത്തിയാക്കാമെന്നാണ് വാഗ്ദാനം. ഇതു പാലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി വീണ്ടും വരുമെന്ന ഉറപ്പിലാണ് ബി.ജെ.പി നേതാക്കള്‍ മടങ്ങിയത്.

MORE IN CENTRAL
SHOW MORE