മറയൂരിൽ ചന്ദനകൊള്ളസംഘം സജീവം

marayur-sandal
SHARE

മറയൂരിലെ ചന്ദനക്കാടുകള്‍ കൊള്ളയടിക്കാന്‍ തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചന്ദനകൊള്ള സംഘം രംഗത്ത്. വനഭൂമിയിലും സ്വകാര്യ ഭൂമിയിലുമുള്ള വന്‍മരങ്ങള്‍ ലക്ഷ്യം വെച്ച് മോഷ്ടാക്കള്‍ ഉള്‍വനത്തില്‍ ക്യാംപ് ചെയ്യുന്നതായാണ് സൂചന. കാരയൂര്‍ റിസര്‍വില്‍ നിന്ന് പത്ത് ലക്ഷം രൂപയുടെ ചന്ദനമരം മുറിച്ച് കടത്താനുള്ള ശ്രമം വനപാലകര്‍ ഇടപ്പെട്ട് തടഞ്ഞു. 

വനംവകുപ്പ് പരിശോധന കര്‍ശനമാക്കിയതോടെ മറയൂരിലെ വനഭൂമിയില്‍ നിന്നുള്ള ചന്ദനമരങ്ങളുടെ മോഷണം ഒരു പരിധി വരെ തടയാനായി. ഇതോടെ സ്വകാര്യ ഭൂമിയിലെ ചന്ദനമരങ്ങള്‍ മോഷ്ടാക്കള്‍ ഉന്നംവെച്ചു. പിടികിട്ടാപ്പുള്ളികളും ചന്ദനമാഫിയയുടെ തലവന്‍മാരുള്‍പ്പെടെ ഒരു ഡസനിലേറെ ആളുകളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. ചന്ദനമോഷണം കുറയാന്‍ ഇതും ഏറെ സഹായകമായി. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം ചന്ദനകൊള്ളക്കാര്‍ മറയൂരിലെ ചന്ദനക്കാടുകള്‍ ഉന്നംവെയ്ക്കുകയാണ്.  

കാരയൂര്‍ റിസര്‍വില്‍ ജല്ലിക്കുഴിഭാഗത്താണ് ഞായറാഴ്ച മോഷ്ടാക്കള്‍ എത്തിയത്. നൂറ് കിലോയോളം കാതലുള്ള വര്‍ഷങ്ങള്‍ പഴക്കമുള്ള ചന്ദനമരമായിരുന്ന മോഷ്ടാക്കളുടെ ലക്ഷ്യം. ആയുധങ്ങള്‍ ഉപയോഗിച്ച് മരം മുറിച്ചെടുക്കുന്നതിനിടെയാണ് വനപാലകര്‍ സ്ഥലതെത്തിയത്. റോന്തിനിടെ മരം വീഴുന്ന ശബ്ദംകേട്ടാണ് വനപാലകര്‍ സംഭവസ്ഥലതെത്തിയത്. ഇതോടെ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. ഡോഗ് സ്ക്വാഡിലെ പെല്‍വിന്‍ എന്ന നായയുമായി പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.

ചന്ദന സംരക്ഷണ വേലിക്കുള്ളില്‍ നിന്നിരുന്ന 720 സെന്റീ മീറ്റര്‍ നീളവും 72 സെന്റീ മീറ്റര്‍ വ്യാസവുമുള്ള മരമാണ് മോഷ്ടിക്കാന്‍ ശ്രമം നടന്നത്. സംരക്ഷണ വേലി ഉള്‍പ്പെടെ തകര്‍ത്താണ് മോഷ്ടാക്കള്‍ വനത്തിനുള്ളില്‍ പ്രവേശിച്ചത്. ഡോഡ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ മോഷ്ടാക്കള്‍ പൊങ്ങപള്ളി കുടിയിലെത്തിയതായി വ്യക്തമായി.  സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ വനംവകുപ്പ് പരിശോധന കര്‍ശനമാക്കി. 

MORE IN CENTRAL
SHOW MORE