തേക്കടി തടാകത്തില്‍ 120 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ട് നീറ്റിലിറക്കി

jalayathra
SHARE

തേക്കടി തടാകത്തില്‍ കൂടുതല്‍ ബോട്ടുകളിറക്കി ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് കെടിഡിസി. 120 പേര്‍ക്ക് സഞ്ചരിക്കാവുന്ന പുതിയ ഇരുനില ബോട്ട് കഴിഞ്ഞ ദിവസം നീറ്റിലിറക്കി. 120 പേര്‍ക്ക് സഞ്ചരിക്കാവുന്ന മറ്റൊരു ബോട്ടിന്‍റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. 

ജലയാത്രയെന്നാണ് കെടിഡിസി യുടെ പുതിയ ബോട്ടിന്‍റെ പേര്. ബോട്ടിന്‍റെ ഔദ്യോഗിക യാത്രയ്ക്ക് തുടക്കം കുറിച്ചത് മന്ത്രി എം.എം.മണിയാണ്. ഇരട്ട ഹള്ളുള്ള ഇരുനില ബോട്ടില്‍ 120പേര്‍ക്ക് സഞ്ചരിക്കാം. പുതിയ ബോട്ടിന് ഒരു കോടി രൂപ ടൂറിസം വകുപ്പ് ചെലവഴിച്ചു. ആലപ്പുഴ അരൂരി നിർമ്മിച്ച ബോട്ട് കഴിഞ്ഞ മാർച്ചിലാണ് തേക്കടിയിൽ എത്തിച്ചത്. വിശദമായ സുരക്ഷ പരിശോധനകളും പൂർത്തിയാക്കിയ ശേഷമാണ് ബോട്ട് നീറ്റിലിറങ്ങിയത്. ഇതോടെ തേക്കടിയില്‍ സര്‍വീസ് നടത്തുന്ന ബോട്ടുകളുടെ എണ്ണം ആറായി. ഇതില്‍ നാല് ബോട്ടുകള്‍ കെടിഡിസിയുടേതും രണ്ട് ബോട്ടുകള്‍ വനംവകുപ്പിന്‍റേതുമാണ്. 120 പേര്‍ക്ക് സഞ്ചരിക്കാവുന്ന കെടിഡിസിയുടെ ജലരാജയെന്ന ബോട്ടും തേക്കടിയില്‍ സര്‍വീസ് നടത്തുന്നുണ്ട്. 

120 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഇരട്ട ഹള്ളുള്ള ബോട്ടാണ് പണിപ്പുരയിലുള്ളത്. അപകട സാധ്യത കുറയുകയും, ലാഭകരമായി സർവ്വീസ് നടത്താൻ സാധിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഇരട്ട ഹള്ളുള്ള ബോട്ട് തിരഞ്ഞെടുക്കാന്‍ കാരണം. അറുപത് പേര്‍ക്ക് സഞ്ചരിക്കാവുന്ന രണ്ട് ബോട്ടുകളാണ് വനംവകുപ്പിനുള്ളത്. ബോട്ടിങ്ങിന് അവസരം ലഭിക്കുന്നില്ലെന്നായിരുന്നു തേക്കടിയില്‍ എത്തുന്ന സഞ്ചാരികളുടെ പരാതി. പുതിയ ബോട്ട് സര്‍വീസ് ആരംഭിച്ചതോടെ ഒരു ദിവസം 600 പേർക്ക് തേക്കടി തടാകത്തിലൂടെ ഉല്ലാസയാത്ര നടത്താനാകും. 

MORE IN CENTRAL
SHOW MORE