ഗുരുവായൂർ ക്ഷേത്രഭരണം പ്രതിസന്ധിയിൽ

Thumb Image
SHARE

ഗുരുവായൂർ ക്ഷേത്രഭരണം പ്രതിസന്ധിയിൽ. അഡ്മിനിസ്ട്രേറ്റര്‍ നിയമനകാര്യത്തിൽ സർക്കാരും ദേവസ്വം ബോർഡും തർക്കം തുടരുന്നതാണ് കാരണം. ശമ്പള വിതരണവും ദൈനംദിന കാര്യങ്ങളും മുടങ്ങുന്ന അവസ്ഥ. ഉത്സവകാലം വരാനിരിക്കേ പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കില്‍ സ്ഥിതി വഷളാകും. 

സെപ്റ്റംബർ 30ന് കാലാവധി കഴിഞ്ഞ അഡ്മിനിസ്ട്രേറ്റർ സി.സി.ശശിധരന് ദേവസ്വത്തിന്‍റെ നിയമാവലിക്ക് വിരുദ്ധമായി സർക്കാർ കാലാവധി നീട്ടിനൽകിയതാണ് പ്രശ്നത്തിന് തുടക്കം. അഡ്മിനിസ്ട്രേറ്റർ നിയമനം കോടതി കയറിയതോടെ കഴിഞ്ഞ ഒരു മാസമായി ക്ഷേത്രഭരണം നിലച്ചിരിക്കുകയാണ്. ക്ഷേത്രത്തിലെ ദൈനംദിന കാര്യങ്ങൾക്കായുള്ള പണം പോലും എടുക്കാനാകുന്നില്ല. ക്ഷേത്രാവശ്യത്തിനുള്ള ചന്ദനം, പഞ്ചസാര തുടങ്ങിയവ വാങ്ങിക്കുന്നതിനും തടസമുണ്ട്. ക്ഷേത്രം ജീവനക്കാരുടെ ശമ്പളം,പെൻഷൻ, പ്രമോഷൻ തുടങ്ങിയ കാര്യങ്ങളൊക്കെ മുടങ്ങിയതോടെ ജീവനക്കാരും പ്രതിഷേധത്തിലാണ്. 

പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിക്കാനോ ഡപ്യൂട്ടി കളക്ടറിൽ കുറയാത്ത ഉദ്യോഗസ്ഥന് സ്ഥിരം ചുമതല നൽകാനോ സർക്കാർ തയ്യാറാകണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഏകാദശി,ചെമ്പൈ സംഗീതോത്സവം, ശബരിമല സീസൺ തുടങ്ങി വരാനിരിക്കുന്ന ഉത്സവകാലത്തും തൽസ്ഥിതി തുടർന്നാൽ കാര്യം കൂടുതൽ വഷളാകും. അഡ്മിനിസ്ട്രേറ്റർ ഇല്ലാത്തതിനാൽ കാണിക്ക എണ്ണിത്തിട്ടപ്പെടുത്താൻ സബ് കളക്ടർക്ക് താൽക്കാലിക ചുമതല നൽകിയിരിക്കുകയാണ് ഇപ്പോൾ. കോൺഗ്രസ് ഭരണകാലത്ത് തെരഞ്ഞെടുക്കപ്പെട്ട ഗുരുവായൂർ ദേവസ്വം ബോർഡിന്‍റെ ഭരണസമിതിയും ഇടതുസർക്കാരും തമ്മിലുള്ള ശീതസമരം തുടരുകയാണ്. 

MORE IN CENTRAL
SHOW MORE