അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ ചെറായി കുഴുപ്പള്ളി ബീച്ച്. വിദേശ വിനോദ സഞ്ചാരികളടക്കമെത്തുന്ന ബീച്ചിൽ നല്ല ഇരിപ്പടങ്ങൾ പോലുമില്ല. രാത്രിയായാൽ സാമൂഹിക വിരുദ്ധരുടെ വിഹാര കേന്ദ്രമാണ് കുഴുപ്പള്ളി ബീച്ച്.
ശാന്തമായ കടൽ,വിശാലമായ തീരം,തണല്‍ വിരിച്ച് കാറ്റാടി മരങ്ങൾ. ചെറായി ബീച്ചിന് തൊട്ടടുത്തുള്ള കുഴുപ്പള്ളി ബീച്ചും സുന്ദരമാണ്. നിരവധി ആളുകൾ പ്രതിദിനം ബീച്ചിലെത്താറുണ്ട്. പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ.
തുരുമ്പെടുത്ത ബെഞ്ചുകള്‍,ഏത് നിമിഷവും തകർന്ന് വീഴാവുന്ന അവസ്ഥയിലുളള കുടകൾ. വിദേശ സഞ്ചാരികളടക്കം എത്തുന്ന ബീച്ചിൽ വ്യത്തിയുള്ള ഒരു ശുചിമുറി പോലുമില്ല.
അഞ്ചുവർഷം മുൻപ് കോടികൾ മുടക്കി ബീച്ചിൽ നിർമിച്ച തുറന്ന ഒാഡിറ്റോറിയവും കടമുറികളും ഉപയോഗിക്കുന്നില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രവും വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്.