ആലപ്പുഴ നഗരസഭയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കിയ ദിവസത്തെ ശമ്പളം കൈപ്പറ്റിയത് ഹാജര്ബുക്കില് ഒപ്പിട്ടു മുങ്ങിയശേഷം. ഇടതുയൂണിയനിലെ അറുപത് ജീവനക്കാരാണ് ജോലിചെയ്യാതെ എട്ടുദിവസത്തെ ശമ്പളം അക്കൗണ്ടിലാക്കിയത്. നഗരസഭയെ കബളിപ്പിച്ച് വേതനം കൈപ്പറ്റിയത് പുനപരിശോധിക്കുമെന്ന് മുനിസിപ്പല്‍ സെക്രട്ടറി മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം തന്റെ നിര്‍ദേശങ്ങള്‍ മറികടന്ന് ജീവനക്കാര്‍ക്ക് ശമ്പളം നല്കിയ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കാന്‍ അടിയന്തിര കൗണ്‍സില്‍ ചേരുമെന്ന് നഗരസഭാചെയര്‍മാനും പറഞ്ഞു.
സെപ്റ്റംബര്‍ മാസത്തില്‍ എട്ടുദിവസമാണ് ഇടതുയൂണിയനില്പെട്ട അറുപത് ജീവനക്കാര്‍ പണിമുടക്കിയത്. ലേക് പാലസ് റിസോര്‍ട്ടിന്റെ ഫയല്‍ കാണാതായ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത നടപടി അന്യായമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പണിമുടക്ക്. എന്നാല്‍ പണിമുടക്കിയ എല്ലാദിവസങ്ങളിലും ജീവനക്കാര്‍ ഹാജര്‍ ബുക്കില്‍ ഒപ്പിട്ടതായി മനോരമ ന്യൂസ് അന്വേഷണത്തില്‍ വ്യക്തമായി. ഈ ഹാജര്ബുക്ക് ഉപയോഗിച്ചാണ് അറുപത് ജീവനക്കാരും പണിയെടുക്കാതെ ശമ്പളം വാങ്ങിയത്. നഗരസഭാ ചെയര്മാന് തോമസ് ജോസഫിന്റെ നിര്‍ദേശവും ഒൗദ്യോഗിക കുറിപ്പും മറികടന്നാണ് മുനിസിപ്പല്‍ സെക്രട്ടറി ശമ്പളബില്ലില്‍ ഒപ്പിട്ടത്. ഇത് അന്യായമാണെന്നും സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കാന്‍ പ്രത്യേക കൗണ്‍സില്‍ ചേര്‍ന്ന് പ്രമേയം പാസാക്കുമെന്നും ചെയര്മാന് പറഞ്ഞു
എന്നാല്‍ ഹാജര്ബുക്കില് ഒപ്പിട്ടതുകൊണ്ടാണ് ആ ദിവസങ്ങളില ശമ്പളം ജീവനക്കാര്‍ക്ക് നല്‍കിയതെന്ന് സെക്രട്ടറി സതീശന് പറഞ്ഞു. ജോലിചെയ്യാതെ കള്ള ഒപ്പിട്ടാണ് ശമ്പളം കൈപ്പറ്റിയതെന്ന് അറിയില്ലായിരുന്നുവെന്നും ഇടതുയൂണിയന്‍ നേതാക്കള്‍ പലകുറി സമ്മര്‍ദം ചെലുത്തിയതായും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ശമ്പളം തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച് പുനപരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു