സംസ്ഥാന കായികമേളയുടെ ഒരുക്കങ്ങൾ അവസാന ലാപിലേക്ക് കടക്കുമ്പോൾ ചാമ്പ്യൻ പട്ടം നേടാനുള്ള കഠിന പരിശീലനത്തിലാണ് കോതമംഗംലം മാർബേസിലും സെൻറ് ജോർജും. കഠിന പരിശ്രമത്തിലാണ് കുട്ടിത്താരങ്ങൾ. സംസ്ഥാന സ്കൂൾ കായിക കിരീടത്തിൽ മാറി മാറി മുത്തമിടുന്നത് മാർ ബേസിൽ ഹയർസെക്കന്ററി സ്കൂളിലേയും സെന്റ് ജോർജ് ഹയർസെക്കന്ററി സ്കൂളിലേയും കുട്ടിക്കൂട്ടമാണ്.
23 ആൺകുട്ടികളും 19 പെൺകുട്ടികളുമാണ് മാർ ബേസിൽ ടീമിലുള്ളത്. കഴിഞ്ഞ രണ്ട് വർഷവും ചാമ്പ്യൻപട്ടം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇത്തവണയും ഇവർ മൈതാനത്തിറങ്ങുന്നത്. നഷ്ടമായ കിരീടം തിരിച്ചുപിടിക്കാനുള്ള വീറും വാശിയുമായിരുന്നു സെന്റ് ജോർജ് സ്കൂളിലെ മെതാനത്ത് കാണാനായത്. 29 കുട്ടികളെയാണ് ഇത്തവണ മത്സരത്തിനിറക്കുന്നത്. കിരീടം തിരിച്ചുപിടക്കാനുള്ള പോരാട്ടത്തിൽ നാട്ടുകാരുൾപ്പെടെയുള്ളവർ പ്രോത്സാഹനവുമായി രംഗത്തുണ്ട്. സ്കൂൾ ഗ്രൗണ്ടിൽ മികച്ച പരിശീലനത്തിലാണ് സെൻറ് ജോർജിലെ കുട്ടികൾ.