ലോക സാന്ത്വന പരിചരണദിനത്തിന്റെ ഭാഗമായി തൃശൂരില്‍ വിദ്യാര്‍ഥികളുടെ ഫ്ളാഷ് മോബ്. നഗരത്തിലെ വിവിധ കോളേജുകളിൽ നിന്നായി നാൽപതോളം വിദ്യാര്‍ഥികള്‍ ഫ്ളാഷ്മോബില്‍ അണിനിരന്നു.
സാന്ത്വന പരിചരണത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഈ വിദ്യാര്‍ഥികളുടെ ഉദ്ദേശ്യം. ഇതിനായി ലോക സാന്ത്വന ദിനംതന്നെ ഇവര്‍ തിരഞ്ഞെടുത്തു. മാറാരോഗങ്ങളില്‍ ദുരിതത്തിലായ രോഗികള്‍ക്ക് ആശ്വാസം നല്കാന് സമൂഹം ഉണരണമെന്നാണ് മുദ്രാവാക്യം. ആരോഗ്യ രംഗം മുന്നേറിയെങ്കിലും സാന്ത്വന പരിചണം ലഭിക്കാത്ത എഴുപതു ശതമാനം രോഗികള്‍ ഇപ്പോഴുമുണ്ടെന്നാണ് കണക്ക്. പ്ലക്കാർഡുകളുയർത്തിയും ലഘുലേഖകൾ വിതരണം ചെയ്തും സാന്ത്വന പരിചരണത്തിന്റെ സന്ദേശം പാലിയേറ്റീവ് കെയർ പ്രവർത്തകർ നാട്ടുകാരിലെത്തിച്ചു. സംഗീതനിശയും സംഘടിപ്പിക്കുന്നുണ്ട്.