കല്‍ക്കെട്ട് ഇടിഞ്ഞതിനെത്തുടര്‍ന്ന് അപകടാവസ്ഥയിലായ പാലത്തിലൂടെയുള്ള ഗതാഗതം നാട്ടുകാര്‍ നിരോധിച്ചു. കൊച്ചി എം.സി റോഡില്‍ മണ്ണൂരിനെയും പോഞ്ഞാശേരിയെയും ബന്ധിപ്പിക്കുന്ന പറയന്തോടുപാലമാണ് അപകടത്തിലായത്.
ദിവസങ്ങള്‍ക്കു മുന്‍പുണ്ടായ കനത്ത മഴയിലാണ് പാലത്തെ താങ്ങിനിര്‍ത്തുന്ന കല്‍ക്കെട്ട് തകര്‍ന്നത്. എന്നിട്ടും പാലത്തിലൂടെ വാഹനങ്ങള്‍ കടന്നുപോയി. മുപ്പത്തിയഞ്ചിലധികം സര്‍വീസുകള്‍ നടത്തുന്ന പതിനൊന്ന് സ്വകാര്യബസുകള്‍ , നിരവധി സ്കൂളുകളുടെയും കോളജുകളുടെയും ബസുകള്‍ , പെരുമ്പാവൂരിലെ പ്ളൈവുഡ് ഫാക്ടറിയിലേക്ക് ഭാരവുമായി നീങ്ങുന്ന ലോറികള്‍ , പിന്നെ പല സ്വകാര്യവാഹനങ്ങള്‍ അങ്ങനെ ആ പട്ടികനീളും. ദുരന്തം കണ്മുന്നില് ഉണ്ടാകുമെന്ന് ഉറപ്പായതോടെയാണ് അധികൃതര്‍ കാണിക്കാത്ത ഗൗരവം നാട്ടുകാര്‍ കാണിച്ചത്.
അന്ത്യശാസനമൊന്നുമല്ല. പക്ഷെ അധികൃതര്‍ പ്രത്യേകിച്ച് പൊതുമരാമത്തുകാര്‍ കരുതിയിരിക്കുക. നിങ്ങളുടെ ഒാഫീസിലേക്ക് മാര്‍ച്ചുമായി നാട്ടുകാര്‍ വരുന്നുണ്ട്. എം.സി റോഡ് ഉപരോധമടക്കമുള്ള സമരപരിപാടികള്‍ പിന്നാലെ.