പുതിയ പാതയിലെ കന്നിയാത്രക്കാര്‍ക്ക് സ്വന്തം മുഖത്തിന്റെ കാരിക്കേച്ചറാണ് കെഎംആര്‍എല്‍ സമ്മാനമായി നല്‍കിയത്. നഗര മധ്യത്തിലേക്കുളള മെട്രോ സര്‍വീസിനോട് മികച്ച പ്രതികരണമാണ് ആദ്യ ദിനത്തില്‍ യാത്രക്കാരില്‍ നിന്നുണ്ടായതും.
ഔദ്യോഗിക ഉദ്ഘാടനത്തിനു തൊട്ടുപിന്നാലെ തന്നെ പുതിയ പാതയില്‍ യാത്ര ചെയ്യാന്‍ ജനമെത്തി തുടങ്ങി. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് യാത്ര തുടങ്ങാനെത്തിയവരെ കാത്ത് കാര്‍ട്ടൂണിസ്റ്റുകള്‍ നിരന്നിരിക്കുന്നുണ്ടായിരുന്നു. ആദ്യ യാത്രയുടെ ഓര്‍മയായി കാരിക്കേച്ചര്‍ വരച്ചു നല്കാന്. കെഎംആര്‍എലിന്റെ സമ്മാനത്തില്‍ അമ്പരന്നു ചിലരെങ്കിലും.
നഗരത്തിലേക്ക് സര്‍വീസ് വ്യാപിച്ചതോടെ മെട്രോയില്‍ ജനത്തിരക്കേറുമെന്ന സൂചന തന്നെയാണ് പൊതുവില്‍ യാത്രക്കാരുടെ പ്രതികരണങ്ങളില്‍ പ്രതിഫലിച്ചതും. പുതിയ പാത കൂടി തുറന്നതോടെ മെട്രോയുടെ സര്‍വീസ് ദൈര്‍ഘ്യം 18 കിലോ മീറ്ററായി. അമ്പത് രൂപയാണ് ആലുവ മുതല്‍ മഹാരാജാസ് വരെയുളള പാതയിലെ യാത്രാ നിരക്ക്.