പേപ്പര്‍ കഷണങ്ങള്‍ കൊണ്ട് മനോഹര ശില്പങ്ങള് നിര്‍മിക്കുകയാണ് സി.സി.വിശ്വനാഥന് എന്ന റിട്ടയേര്‍ഡ് അധ്യാപകന്. ഗാന്ധിജിയുടെയും, കുഞ്ഞുണ്ണിമാഷിന്റെയും യേശുദാസിന്റെയും ഉള്‍പ്പെടെ ഒട്ടേറെപ്പേരുടെ ശില്പങ്ങള് വൈപ്പിന്‍ സ്വദേശിയായ വിശ്വനാഥന് മാഷിന്റെ കരവിരുതില്‍ പൂര്‍ത്തിയായിട്ടുണ്ട്.
പിച്ചിച്ചീന്തിയിടുന്ന ഇൗ പേപ്പര്‍ ചുരുളുകളില്നിന്നാണ് മനോഹരമായ ചെറുശില്പങ്ങള് രൂപപ്പെടുന്നത്. പേപ്പര്‍ അരച്ചു പള്പ്പാക്കിയാണ് ശില്പങ്ങളുടെ നിര്‍മാണം. കുഴച്ചുവച്ചിരിക്കുന്ന പേപ്പര്‍ പള്‍പ്പുകള്‍ മൈദയുടെയോ ഉലുവയുടെയോ സഹായത്തോടെ പശരൂപത്തിലാക്കിയാണ് വിശ്വനാഥന് മാഷ് ശില്പങ്ങള് നിര്‍മിക്കുന്നത്. നിര്‍മിക്കാനുദ്ദേശിക്കുന്ന ചട്ടക്കൂടിനുമേല്‍ സാവധാനം തേച്ചുപിടിപ്പിക്കുന്ന പേപ്പര്‍ പള്‍പ്പുകള്‍ പുട്ടിയിട്ടു മിനുക്കിയാണ് ശില്പമാക്കുന്നത്.
പേപ്പറുപയോഗിച്ച് ഇൗ രൂപങ്ങള്‍ എങ്ങനെ മെനഞ്ഞെടുക്കുന്നു എന്ന ചോദ്യത്തിനുത്തരം, സ്കൂളില്‍ ചിത്രകലാധ്യാപകനായുള്ള ജീവിതപരിചയമാണ്. ശാസ്ത്രമേളകള്‍ക്കായി കുട്ടികളെ
തയാറെടുപ്പിക്കുകവഴി അവരുടെ ഉള്ളിലെ കലാവാസന വളര്‍ത്താനും അദ്ദേഹത്തിനു സാധിച്ചു. ഒട്ടേറെ സ്കൂളുകളില്‍ അദ്ദേഹം നിര്‍മിച്ച ശില്പങ്ങളുണ്ട്. മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡും കഴിഞ്ഞവര്‍ഷം ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു.