പണിതുടങ്ങി പന്ത്രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയാകാതെ ആലപ്പുഴ പാണ്ടനാട് പഞ്ചായത്തിലെ മിത്രമഠം പാലവും അപ്രോച്ച് റോഡും. പാലത്തിന്റെ അവസാന ഭാഗവുംകൂടി വാര്‍ത്തു കഴിഞ്ഞാല്‍ നടപ്പാതയെങ്കിലുമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
അപ്പര്‍കുട്ടനാട് മേഖലയെ തിരുവല്ലയുമായി ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയയാണ് മിത്രമഠം പാലത്തിന്റെ നിര്‍മാണം. പക്ഷേ പന്ത്രണ്ട് വര്‍ഷം കഴിഞ്ഞ പാലം നിര്‍മാണം പൂര്‍ത്തിയായില്ല. അവസാനത്തെ സ്ലാബ് അടുത്തദിവസം വാര്‍ക്കാനാണ് പരിപാടി. അപ്രോച്ച് റോഡും കൈവരികളും മറ്റ് പണികളുമെല്ലാം പിന്നെയും ബാക്കി. പമ്പയാറിന് കുറുകെ പാണ്ടനാട് പഞ്ചായത്തിലെ മിത്രമഠം ജംക്ഷനെയും പ്രയാര്‍ ജംക്ഷനെയും ബന്ധിപ്പിച്ചുകൊണ്ടാണ് പാലം നിര്‍മിക്കുന്നത്. അപ്രോച്ച് റോഡ് നിര്‍മാണത്തിനായി മറുകരയിലുള്ള പ്രയാര്‍ ജെ.ബി.എസ് സ്കൂള്‍ മാറ്റി സ്ഥാപിക്കുകയും ചെയ്തു.
എറണാകുളം ആസ്ഥാനമായ പി.ടി.മത്തായി ആന്‍ഡ് സണ്‍സ് എന്ന കമ്പനിയാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. അവസാന സമയപരിധിയും കഴിഞ്ഞെങ്കിലും റീടെന്‍ഡര്‍ നടപടികളിലൂടെയുണ്ടാകുന്ന അമിതമായ സമയനഷ്ടം ഒഴിവാക്കാനാണ് പൊതുമരാമത്ത് വകുപ്പ് ശ്രമിക്കുന്നത്.