കൊച്ചിയില്‍ റിലയന്‍സ് ജിയോ കേബിളിടാനായി വെട്ടിപ്പൊളിക്കുന്ന റോഡുകളുടെ നഷ്ടപരിഹാര തുകയില്‍ ഇളവു നല്‍കണമെന്ന സര്ക്കാരുത്തരവിനു പിന്നിലെ ആശയക്കുഴപ്പങ്ങള്‍ ശക്തമാകുന്നു. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുത്ത തീയതിയും സര്ക്കാരുത്തരവിലെ തീയതിയും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന ആരോപണമാണ് ഉയരുന്നത്. അതേസമയം ഉത്തരവ് നടപ്പാക്കുന്നതിലെ അപ്രായോഗികത ചൂണ്ടിക്കാട്ടി വീണ്ടും സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് കോര്പറേഷന്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 17നാണ് സിറ്റി ഗ്യാസ് പദ്ധതിയെ കുറിച്ച് കൊച്ചി നഗരസഭ ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തിയത്. അദാനി ഗ്രൂപ്പ് നടപ്പാക്കുന്ന പദ്ധതിക്കായി റോഡ് വെട്ടിപ്പൊളിക്കുമ്പോള്‍ നഷ്ടപരിഹാരമായി ഈടാക്കുന്ന തുകയില്‍ ഇളവു നല്‍കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു. ഈ ഇളവ് സിറ്റി ഗ്യാസ് പദ്ധതിക്ക് മാത്രം നല്കിയാല് മതിയെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായി കോര്പറേഷന് സെക്രട്ടറി തയാറാക്കിയ ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
എന്നാല്‍ അദാനി ഗ്രൂപ്പിന് നല്കിയ മാതൃകയിലുളള ഇളവ് റിലയന്‍സ് ഗ്രൂപ്പിന്റെ ജിയോ പദ്ധതിക്കും നല്‍കണമെന്ന് ചൂണ്ടിക്കാട്ടിയുളള സര്‍ക്കാര്‍ ഉത്തരവിലെ തീയതിയാവട്ടെ ജൂലായ്് 17 ഉം. അതായത് അദാനി ഗ്രൂപ്പിന് നല്‍കേണ്ട ഇളവിനെ പറ്റിയുളള തീരുമാനമെത്തുന്നതിനും ഒരു മാസം മുമ്പു തന്നെ റിലയന്‍സിന് ഇളവു നല്കിക്കൊണ്ടുളള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയെന്ന് ചുരുക്കം. ഈ വൈരുധ്യത്തില്‍ ദുരൂഹതയുണ്ടെന്ന ആക്ഷേപമാണ് ശക്തമാകുന്നത്.
റിലയന്‍സ് ജിയോയ്ക്ക് ഇളവു നല്‍കാനുളള സര്‍ക്കാര്‍ ഉത്തരവിനെതിരെ വീണ്ടും മുഖ്യമന്ത്രിയെ കാണാനാണ് കോര്പറേഷന് അധികൃതരുടെ തീരുമാനം. വേണ്ടി വന്നാല്‍ സര്‍ക്കാര്‍ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുന്നതിനെ കുറിച്ചും ആലോചനകള്‍ നടക്കുന്നുണ്ട്.