പോയ കാലത്തെ നല്ല ഓര്‍മകളുമായി മാസ് ഹോട്ടല്‍ മുറ്റത്ത് കൊച്ചിയിലെ കോണ്‍ഗ്രസുകാരുടെ സംഗമം. നഗരത്തിലെ പഴയകാല ഹോട്ടലുകളില്‍ പ്രമുഖമായ മാസ്,പൊളിക്കുന്നതിനു മുന്നോടിയായാണ് ഹോട്ടലിലെ സ്ഥിരം അന്തേവാസികളായിരുന്ന കോണ്‍ഗ്രസുകാര്‍ ഹോട്ടല്‍ മുറ്റത്ത് ഒത്തുകൂടിയത്.
ഐക്യകേരള രൂപീകരണത്തിനു മുമ്പും ശേഷവുമുളള ഒരുപാട് രാഷ്ട്രീയ ചരിത്ര മുഹൂര്‍ത്തങ്ങളുടെ സാക്ഷിയാണ് എറണാകുളം നോര്‍ത്ത് െറയില്‍വെ സ്റ്റേഷനു മുന്നിലെ ഈ പഴയ കെട്ടിടം. പ്രത്യേകിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ. ആ ഓര്‍മകളുമായാണ് വയലാര്‍ രവിയുടെ നേതൃത്വത്തില്‍ കൊച്ചിയിലെ പലതലമുറയിലുളള കോണ്‍ഗ്രസുകാര്‍ ഹോട്ടല്‍ മുറ്റത്ത് ഒന്നിച്ചിരുന്നത്. കയ്യില്‍ കാശില്ലാതിരുന്ന കെഎസ്്യു യൂത്ത് കോണ്‍ഗ്രസ് കാലത്ത് പണം നല്കിയില്ലെങ്കിലും വയറു നിറയെ ആഹാരം നല്‍കിയിരുന്ന മാസ് ഹോട്ടലിനെ കുറിച്ചാണ് ഒരു കാലത്ത് കോണ്‍ഗ്രസിലെ മാസ്് ഗ്രൂപ്പുകാരനെന്ന് അറിയപ്പെട്ടിരുന്ന വയലാര്‍ രവിക്ക് പറയാനുണ്ടായിരുന്നത്.
ഹോട്ടലില്‍ നടന്ന സിന്‍ഡിക്കേറ്റ് കോണ്‍ഗ്രസിന്റെ യോഗത്തിലെ രഹസ്യങ്ങള്‍ ഒളിഞ്ഞു നിന്നു കേട്ട് വാര്‍ത്തയാക്കിയതിനെ തുടര്‍ന്നുണ്ടായ പൊല്ലാപ്പുകളായിരുന്നു മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് പി.രാജന് പങ്കുവയ്ക്കാനുണ്ടായിരുന്നത്.
കോണ്‍ഗ്രസുകാര്‍ നിറഞ്ഞ സദസിലെത്തിയ ഏക കമ്മ്യൂണിസ്റ്റുകാരന് എം.എം.ലോറന്‍സ് മാസ് ഹോട്ടലിനെ കുറിച്ചാണ് പറഞ്ഞു തുടങ്ങിയെങ്കിലും ചെന്നെത്തിയത് കോണ്‍ഗ്രസ് വിമര്‍ശനത്തിലാണ്.
ഹോട്ടലിലെ 135ാം നമ്പര്‍ മുറിയില്‍ ഒരു കാലത്ത് ഒന്നിച്ചുറങ്ങിയിരുന്ന ഉമ്മന്‍ചാണ്ടിയെ എ.കെ.ആന്റണി മുറിക്ക് പുറത്താക്കിയതിനെ കുറിച്ചോര്‍ത്തു ബെന്നി ബഹനാന്.
ഒരു കാലത്ത് മാസ് ഹോട്ടലിനെ കുറിച്ച് തനിക്കുണ്ടായിരുന്ന തെറ്റിദ്ധാരണയെ പറ്റിയാണ് വി.ഡി.സതീശന് പറയാനുണ്ടായിരുന്നത്. കെ.വി.തോമസും കെ.ബാബുവും ഹൈബി ഈഡനും തുടങ്ങി കൊച്ചിയിലെ പ്രമുഖരായ ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തി.