കേരളത്തിന്റെ പ്രാദേശിക സവിശേഷതകളിലൂന്നിയുളള പ്രമേയങ്ങളുമായാണ് കലൂര്‍ മുതല്‍ മഹാരാജാസ് വരെയുളള മെട്രോ പാതയിലും സ്റ്റേഷനുകളൊരുങ്ങുന്നത്. മലയാള ഭാഷയിലുളള രചനകള്‍ക്കും പുതിയ സ്റ്റേഷനുകളില്‍ കൂടുതല്‍ ഇടം ലഭിക്കും.
കേരളത്തിന്റെ പ്രകൃതിയും പാരമ്പര്യവുമെല്ലാം ചിത്രീകരിക്കുന്ന സ്റ്റേഷനുകളെ കുറിച്ച് മികച്ച പ്രതികരണമാണ് ആലുവ പാലാരിവട്ടം പാത ഉദ്ഘാടനം ചെയ്തപ്പോള്‍ തന്നെ കെഎംആര്‍എലിന് ലഭിച്ചത്. ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പുതുതായി നിര്‍മിക്കുന്ന മെട്രോ സ്റ്റേഷനുകളും വിവിധ പ്രമേയങ്ങള്‍ കേന്ദ്രീകരിച്ച് നിര്‍മിക്കാന്‍ തീരുമാനിച്ചത്. രണ്ടാം ഘട്ട യാത്ര തുടങ്ങുന്ന ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ കേരളത്തിന്റെ കായിക പാരമ്പര്യം പ്രമേയമാക്കിയുളള വരകളും എഴുത്തുകളുമാണ് നിറയുന്നത്. പശ്ചിമഘട്ടമാണ് കലൂര്‍ സ്റ്റേഷന്റെ പ്രമേയം. എംജി റോഡ് മെട്രോ സ്റ്റേഷനില്‍ എറണാകുളത്തിന്റെ ചരിത്രം നിറയുമ്പോള്‍ ചിത്രശലഭങ്ങള്‍ എന്ന പ്രമേയമാണ് ലിസി മെട്രോ സ്റ്റേഷനില്‍ നിറയുന്നത്.
ആദ്യ ഘട്ടത്തില്‍ നിര്‍മിച്ച സ്റ്റേഷനുകളിലെ ചുവരെഴുത്തുകള്‍ ഇംഗ്ലീഷില്‍ മാത്രമായിരുന്നെങ്കില്‍ പുതിയ സ്റ്റേഷനുകളില്‍ മലയാളത്തിലുളള രചനകളും ഇടംപിടിക്കും. അഞ്ചു സ്റ്റേഷനുകളാണ് കലൂര്‍ മുതല്‍ മഹാരാജാസ് വരെയുളള മെട്രോ പാതയിലുളളത്.