സ്കൂള്‍ മുറ്റത്ത് നൂറുമേനി വിളയിച്ച് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍. ആലപ്പുഴ ചെറിയനാട് എസ്.എന്‍ ട്രസ്റ്റ്ഹയര് സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് പഠനത്തോടൊപ്പം കൃഷിയിലും നേട്ടം കൈവരിച്ചത്.
സ്കൂള്‍ പരിസരത്ത് തുടര്‍ച്ചയായി മൂന്നുവര്‍ഷം ജൈവപച്ചക്കറി വിളയിക്കാനായതിന്റെ സന്തോഷത്തിലാണ് ഈ വിദ്യാര്‍ഥികള്‍. കുന്നിന്മുകളിലുള്ള സ്കൂളിന് ചുറ്റും പാവലും, പടവലവും, പയറും, വെണ്ടയുമെല്ലാം വിളവെടുപ്പിന് തയാറായി നില്ക്കുന്നു. പൂര്‍ണമായും ജൈവരീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. കൃത്യതാകൃഷി വേനലിലെ ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിന് ഏറെ പ്രയോജനം ചെയ്തുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറിയെന്ന പദ്ധതിയും വിജയകരമായി നടപ്പാക്കിയിരുന്നു.
അധ്യാപകരുടെ പൂര്‍ണ പിന്തുണയോടെയാണ് സ്കൂള്‍ പരിസരത്തെ കൃഷി പുരോഗമിക്കുന്നത്. സ്കൂളിലെ വിദ്യാര്‍ഥികളും, അധ്യാപകരുംതന്നെയാണ് ഇവിടെ ഉല്പാദിപ്പിക്കുന്ന പച്ചക്കറിയുടെ പ്രധാന ഉപഭോക്താക്കളും.