കൊച്ചി പനമ്പിളളി നഗര്‍ ,പാര്‍പ്പിട വാണിജ്യ മേഖലയാക്കി സംസ്ഥാന സര്‍ക്കാരിന്‍റെ കരട് വിജ്ഞാപനം. നിലവില്‍ പാര്‍പ്പിട മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശത്ത് വാണിജ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് മറികടക്കാനാണ് സര്‍ക്കാര്‍ നീക്കം. ഒരു മാസത്തിനകം അന്തിമ വിജ്ഞാപനം ഇറങ്ങുന്നതോടെ പനമ്പളളി നഗറില്‍ വാണിജ്യസ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാനാവും.
പാര്‍പ്പിട മേഖലയായി നിശ്ചയിച്ച പനമ്പളളി നഗറില്‍ വീടുകള്‍ വാണിജ്യ സ്ഥാപനങ്ങളായി മാറ്റുന്നത് കര്‍ശനമായി വിലക്കി കൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന നൂറ്റിയമ്പതോളം വാണിജ്യ സ്ഥാപനങ്ങള്‍ക്ക് താഴു വീണു. ബാക്കിയുളളവ ഏതു നിമിഷവും പൂട്ടുന്ന നിലയിലുമെത്തി. ഈ സാഹചര്യത്തില്‍ പനമ്പളളി നഗറിനെ പാര്‍പ്പിട വാണിജ്യ മേഖലയാക്കി പ്രഖ്യാപിക്കണമെന്ന് കൊച്ചി കോര്‍പറേഷന്‍ കൗണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്.
കരട് വിജ്ഞാപനത്തിനു മേലുളള പൊതുജനങ്ങളുടെ നിര്‍ദ്ദേശങ്ങളും പരാതികളും കൂടി പരിഗണിച്ച് ഒരു മാസത്തിനു ശേഷം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും. ഇതോടെ പനമ്പളളി നഗറില്‍ വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും സാധ്യമാവും. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്ക് മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കണമെന്നും,ലോറികളുടെയും ട്രക്കുകളുടെയും പാര്‍ക്കിങിന് നിയന്ത്രണങ്ങള്‍ വേണമെന്നതും ഉള്‍പ്പെടെ കര്‍ശന നിര്‍ദ്ദേശങ്ങളോടെയാണ് സര്‍ക്കാരിന്‍റെ കരട് വിജ്ഞാപനം.