ശാരീരിക ബുദ്ധിമുട്ടുകളെ അതിജീവിച്ച് നിരവധി നേട്ടങ്ങൾ കൈവരിച്ചൊരു കൊച്ചിക്കാരി. അരയ്ക്ക്് കീഴ്പ്പോട്ട് തളർന്നിട്ടും നിശ്ചയദാർഢ്യം കൊണ്ട് വിധിയെ തോൽപ്പിക്കുകയാണ് അഞ്ജു റാണി. ഒന്നരക്കിലോയുള്ള പഞ്ചസാര ജാറുകൾ തള്ളവിരലും ചൂണ്ടുവിരലും മാത്രം ഉപയോഗിച്ച് ഒരുമിനിട്ട് അഞ്ജുറാണിക്ക് ഉയർത്തിപ്പിടിക്കാൻ സാധിക്കും.
ജന്മനാ അഞ്ജുവിന്റെ അരയ്ക്ക് കീഴ്പ്പോട്ട് തളർന്നതാണ്. ഈ പ്രകടനത്തിന് യൂണിവേഴ്സൽ റെക്കോർഡ് ഫോമിന്റെ നേട്ടവും ഉണ്ട്. തന്നെ തളർത്തിയ വിധിയോട് ഒരു പരാതിയുമില്ല അഞ്ജുറാണിക്ക്. ഉറപ്പുള്ള കാലുകളിലല്ല കഴിവുകളിലാണ് ഈ 29കാരിക്ക് വിശ്വാസം.
വീട്ടിലിരുന്നു മാലകളും കമ്മലുകളും മറ്റാഭരണങ്ങളും നിർമ്മിച്ച് അഞ്ജൂസ് കലക്ഷൻസ് എന്ന സൈറ്റിലൂടെ ഒാണ്‍ലൈൻ വിൽപ്പനയും നടത്തുന്നുണ്ട്.
ഇരു കൈയിലും പേനപിടിച്ച് ഒരേ സമയം ഇരു വശങ്ങളിലേക്കും തലതിരിച്ചും അല്ലാതെയും മലയാളവും ഇംഗ്ലീഷും എഴുതുകയും ചെയ്യും. കാക്കനാട് സ്വദേശികളായ ജോയിയുടേയും ജെസിയുടേയും മൂത്ത മകളാണ്.