പെരിയാറില്‍ ആവേശത്തിരയിളക്കി ഗോതുരുത്ത് വള്ളംകളി. എറണാകുളം ജില്ലയിലെ ഗോതുരുത്ത് കടല്‍വാതുരുത്ത് പള്ളിയിലെ വിശുദ്ധ കുരിശിന്റെ തിരുനാളിനോടനുബന്ധിച്ചാണ് ഇരുട്ടുകുത്തി വള്ളങ്ങളുടെ മല്‍സരം നടന്നത്. എ വിഭാഗത്തില്‍ തുരുത്തിപ്പുറം ബോട്ട് ക്ലബ് വിജയികളായി.
ഗോതുരുത്തില്‍ പെരിയാറിന്റെ കൈവഴിക്കിരുവശവും തിങ്ങിനിറഞ്ഞ കാണികളെ ആവേശത്തോണിയിലേറ്റിയാണ് ഗോഡ്വിന് രാജു നയിച്ച ടിബിസി തുരുത്തിപ്പുറം എ വിഭാഗത്തില്‍ കിരീടം ചൂടിയത്. ടിറ്റോ മണവാളന്റെ നേതൃത്വത്തില്‍ ടിബിസി കൊച്ചിന് ടൗണ്‍ തുഴഞ്ഞ ഹനുമാന് രണ്ടാമതെത്തി. ബി വിഭാഗത്തില്‍ കാശിനാഥനാണ് കിരീടം. ജിന്റോ മണവാളന്റെ നേതൃത്വത്തില്‍ ടിബിസി കൊച്ചിന് ടൗണാണ് കാശിനാഥന് തുഴഞ്ഞത്. തെക്കൂടം ബോട്ട് ക്ലബ് തുഴഞ്ഞ ശ്രീമുരുകന് ബി വിഭാഗത്തില്‍ രണ്ടാമതെത്തി. തുടര്‍ച്ചയായി എണ്‍പതാം വര്‍ഷമാണ് ഗോതുരുത്ത് വള്ളംകളി നടക്കുന്നത്. പതിനാല് വള്ളങ്ങളാണ് ഇത്തവണ മല്‍സരത്തില്‍ പങ്കെടുത്തത്. ഗോതുരുത്ത് എസ്.എ.സി ക്ലബാണ് വള്ളംകളി സംഘടിപ്പിച്ചത്.
മല്‍സരത്തിന്റെ ഇടവേളകളില്‍ അവതരിപ്പിച്ച വഞ്ചിപ്പാട്ടും ചവിട്ടുനാടകഗാനങ്ങളും കാഴ്ചക്കാര്‍ക്ക് വിരുന്നായി.