തൃശൂര്‍ ഇരിങ്ങാലക്കുട അവിട്ടത്തൂരില്‍ കാടുമൂടി സാമൂഹികവിരുദ്ധരുടെ കേന്ദ്രമായി മാറിയിരുന്ന ചിറ നവീകരിച്ചു. സമരിറ്റന്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ചിറ നവീകരിച്ച് മനോഹരമായ വിശ്രമ കേന്ദ്രമാക്കി മാറ്റിയത്.
ഇരിങ്ങാലക്കുട അവിട്ടത്തൂരിലെ പൊതുംമ്പുചിറയുടെ അരികിലേക്ക് പണ്ടൊന്നും ആരും പോകാറില്ല. പൊന്തക്കാട് നിറഞ്ഞ സ്ഥലമായിരുന്നു. സാമുഹികവിരുദ്ധരുടെ സ്ഥിരംതാവളം. ചിറ നവീകരിക്കാന്‍ സമരിറ്റന്‍ ട്രസ്റ്റാണ് മുന്‍കയ്യെടുത്തത്. നാല്പതു പേരാണ് ഈ ട്രസ്റ്റിലെ അംഗങ്ങള്‍. ടൈല്‍സ് വിരിച്ച് ബഞ്ചുകള്‍ സ്ഥാപിച്ചു. സോളാര്‍ ലൈറ്റുകളിട്ടു. നല്ലൊരു ഉദ്യാനവും ഒരുക്കി.
ഇരിങ്ങാലക്കുട മൂരിയാട് പഞ്ചായത്തിന്റേയും പൊതുമരാമത്തു വകുപ്പിന്റേയും അനുമതിയോടെയായിരുന്നു നവീകരണം. സന്ധ്യാ നേരങ്ങളില്‍ കുടുംബങ്ങള്‍ക്കു സമയം ചെലവിടാനുള്ള വിശ്രമകേന്ദ്രമാണ് ഇപ്പോള്‍. നാട്ടില്‍ മാലിന്യം കുമിഞ്ഞു കൂടി കിടക്കുന്ന സ്ഥലങ്ങള്‍ നവീകരിക്കാനുള്ള നാട്ടുകാരുടെ മാതൃകാപദ്ധതി കൂടിയാണിത്.