ഗുരുവായൂരിലെ മാലിന്യപ്രശ്നം തീര്‍ക്കാന്‍ സര്‍വകക്ഷി യോഗം ഒറ്റക്കെട്ടായി നിലപാടെടുത്തെങ്കിലും നാട്ടുകാരുടെ നിരാഹാര സമരം തുടരുകയാണ്. നഗരസഭ മാലിന്യം തള്ളുന്ന ചൂല്പുറത്തെ നാട്ടുകാരുടെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് പ്രവേശിച്ചു.
ചൂല്പുറത്ത് പ്ലാന്റ് സ്ഥാപിച്ച് ശാസ്ത്രീയമായി മാലിന്യം സംസ്ക്കരിക്കുമെന്ന വാഗ്ദാനങ്ങള്‍ കഴിഞ്ഞ പതിനേഴു വര്‍ഷമായി കേള്‍ക്കുന്നതാണെന്ന് നാട്ടുകാര്‍ പറയുന്നു. ഓരോതവണ പ്ലാന്റ് സ്ഥാപിച്ചാല്‍ കുറച്ചു ദിവസം മാത്രം പ്രവര്‍ത്തിക്കും. പിന്നെ, പ്രവര്‍ത്തനരഹിതമാകുന്നതാണ് പതിവ്. ചൂല്പുറത്ത് മാലിന്യം കുന്നുകൂട്ടരുതെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം നഗരസഭ പാലിക്കും വരെ സമരം തുടരുമെന്നാണ് നാട്ടുകാരുടെ നിലപാട്.
ജൈവ മാലിന്യം സംസ്ക്കരിക്കാന്‍ ഇതിനോടകം നാലിടത്ത് പ്രത്യേക കേന്ദ്രങ്ങള്‍ നഗരസഭ സ്ഥാപിച്ചിട്ടുണ്ട്. ഓരോ ദിവസം ചെല്ലുംന്തോറും ഗുരുവായൂരിലെ മാലിന്യത്തിന്റെ തോത് വര്‍ധിക്കുന്നതാണ് നഗരസഭയെ ആശയക്കുഴപ്പത്തിലാക്കുന്നത്.