റയില്‍വേയുടെ അശാസ്ത്രീയ അടിപ്പാത നിര്‍മാണത്തെ തുടര്‍ന്ന് ദുരിതത്തിലായിരിക്കുകയാണ് തിരുവല്ലയ്ക്കടുത്ത് ഇരുവള്ളിപ്ര സ്വദേശികള്‍. മഴവെള്ളം കയറിയതോടെ ഗതാഗതംനിലച്ച അടിപ്പാതയിലെ യാത്രക്കായി നാട്ടുകാര്‍ വള്ളമിറക്കി. ശാശ്വതമായ പരിഹാരമുണ്ടായില്ലെങ്കില്‍ ശക്തമായ സമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം.
തിരുവല്ലയ്ക്ക് സമീപം കറ്റോട്- തിരുമൂലപുരം റൂട്ടിലുള്ള ഇരുവള്ളിപ്ര അടിപ്പാതയിലെ കാഴ്ചയാണിത്. സ്കൂളില്പോകുന്ന വിദ്യാര്‍ഥികളെ വള്ളത്തില്‍ കയറ്റി ഇക്കരെയിറക്കുകയാണ് നാട്ടുകാര്‍. മുകളിലെ ഇരട്ട റയില്‍വേ ട്രാക്ക് മറികടന്ന് പോവുകമാത്രമാണ് വേറൊരു പോംവഴി. സ്ഥിരമായ നടപ്പുവഴി അല്ലാത്തതുകൊണ്ടുതന്നെ കുട്ടികളുംമറ്റും ഇവിടെ തട്ടിവീഴുന്നതും പതിവാണ്. റയില്‍വേ പാളം മുറിച്ചുകടക്കാന്‍ പേടിയാണെന്ന് കുട്ടികളും പറയുന്നു.
അടിപ്പാതയില്‍ വെള്ളംകയറിയതോടെ സ്കൂള്‍ ബസ് ഇരുവള്ളിപ്രവരെ വന്നശേഷം മടങ്ങുകയാണ്. നിലവില്‍ ചുറ്റിക്കറങ്ങിയാണ് സ്കൂള്‍ബസ് സഞ്ചരിക്കുന്നത്. സമീപത്തെ പാടത്ത് വെള്ളം ഉയരുന്നതിനൊപ്പം അടിപ്പാതയിലെ ജലനിരപ്പും ഉയരും. റയില്‍വേ മണ്ണെടുത്തുമാറ്റിയശേഷം നില്ക്കുന്ന മരങ്ങളും അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്.