ആലപ്പുഴ ചെങ്ങന്നൂരിലെ പ്രാദേശിക ടൂറിസം വികസനത്തിന് പ്രതീക്ഷയേകി പൂമലച്ചാല്‍ ചിറ നവീകരിക്കുന്നു. സമീപത്തുള്ള പാണ്ഡവന്‍പാറയും നൂറ്റവന്പാറയുമായും ബന്ധിപ്പിക്കുന്ന റോഡുകൂടിവന്നാല് കൂടുതല്‍ സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷ. പോളയും കാടുംപിടിച്ചുകിടക്കുന്ന പൂമലച്ചാല്ചിറ ചെങ്ങന്നൂരില്‍നിന്ന് ഒരു കിലോമീറ്റര്‍മാത്രം ദൂരത്താണ്. നോക്കാനാളില്ലാതെ വന്നതോടെ നശിച്ചുതുടങ്ങിയ ചിറയെ നവീകരിക്കുന്നതിനായി പതിനഞ്ച് വര്‍ഷം മുന്‍പ് പദ്ധതിയിട്ടെങ്കിലും എങ്ങുമെത്തിയില്ല.
ചിറ സാമൂഹ്യവിരുദ്ധരുടെ താവളവുമായി. കേരള ഭൂവികസന കോര്‍പറേഷന്റെ നേതൃത്വത്തിലാണ് ഇപ്പോഴത്തെ പുനരുദ്ധാരണ ശ്രമം. മന്ത്രി വി.എസ്.സുനില്‍കുമാറാണ് പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. നബാര്‍ഡ് സഹായത്തോടെ നടപ്പാക്കുന്ന സഹസ്രസരോവര്‍ പദ്ധതിയുടെ ഭാഗമായി എട്ടുകോടി രൂപ ചിറക്ക് അനുവദിച്ചിട്ടുണ്ട്. പ്രദേശത്തിന്റെ വികസനത്തിനും പദ്ധതി ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
ചിറ വൃത്തിയാക്കി ആഴം കൂട്ടുക, നടപ്പാതകളുടെ നിര്‍മാണം എന്നിവയാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കുക. പൂമലച്ചാലിന്റെ സമീപത്തുള്ള പാണ്ഡവന്‍പാറയും നൂറ്റവന്പാറയുംകൂടി ബന്ധിപ്പിച്ചുകൊണ്ട് പ്രാദേശിക ടൂറിസം വികസനംവേണമെന്നാണ് ആവശ്യം.