മെട്രോ നഗരമായ കൊച്ചിയിൽ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത പല പൊതു ശൗചാലയങ്ങളും ഉപയോഗശൂന്യം. നഗരസഭയും സന്നദ്ധ സംഘടനകളും ചേർന്ന് ഗ്രീൻ ടോയ്ലറ്റ് അടക്കമുള്ള പദ്ധതികൾ നടപ്പാക്കിയെങ്കിലും ഇവയൊന്നും പ്രവർത്തിക്കുന്നില്ല.
നഗരത്തിന്റെ മുഖംഛായമാറ്റുമെന്ന് പ്രഖ്യാപിച്ച് ആഘോഷപൂർവം ഉദ്ഘാടനം ചെയ്ത ശൗചാലയങ്ങൾ ഒട്ടേറെയുണ്ട് കൊച്ചിയിൽ. എന്നാൽ, പ്രഖ്യാപനത്തിലെ ആവേശം നടത്തിപ്പിൽ ഉണ്ടാകാറില്ലെന്നതാണ് അനുഭവം. കച്ചേരിപ്പടിയിൽ പൊട്ടിപ്പൊളിഞ്ഞ് മാലിന്യക്കൂമ്പാരമായി മാറിയ ശൗചാലയം തന്ന ഉദാഹരണം. ഗ്രീൻടോയ്ലറ്റ് എന്നായിരുന്നു പേര്. ആ പേരുപക്ഷേ ഇപ്പോൾ യോജിക്കില്ല.
പാലാരിവട്ടത്ത് മറ്റൊരു സ്മരകമുണ്ട്. കാഴ്ചയിൽ കച്ചേരിപ്പടിയിലേതിനോട് യോജിക്കും. ഫോർട്ട്കൊച്ചി, വൈറ്റില, കലൂർ എന്നിവിടങ്ങളിലെ ഗ്രീൻ ടോയിലെറ്റുകളും പൂർണ്ണമായി തകർന്നു. മാനംകെടുത്തുമെന്ന് ഉറപ്പായതോടെ വിവിധഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന ഇ ടോയിലെറ്റുകൾ അധികൃതർ തന്നെ എടുത്തുമാറ്റി.