സ്കൂള്‍ മൈതാനത്ത് പുതിയ കെട്ടിടം പണിയാനുള്ള തീരുമാനത്തിനെതിരെ ഒളിംപ്യന്റെ പ്രതിഷേധം. ഹരിപ്പാട് ആയാപറമ്പ് ഹൈസ്കൂളിനെതിരെയാണ് ഒളിംപ്യന്‍ അനില്‍കുമാര്‍ നാട്ടുകാര്‍ക്കൊപ്പം എതിര്‍പ്പുമായെത്തിയത്
കളിസ്ഥലം ഇല്ലാതാക്കിയൊരു പഠിപ്പുവേണ്ടെന്നാണ് പ്രതിഷേധക്കാരുടെ വാദം. സ്കൂളിലെ ഹയര്‍സെക്കന്ററി വിഭാഗത്തിന് കെട്ടിടംപണിയാന്‍ മൈതാനം തന്നെ തിരഞ്ഞെടുത്തതാണ് നാട്ടുകാരെയും ഒളിമ്പ്യന്‍ അനില്കുമാറിനെയുെമല്ലാം പ്രകോപിതരാക്കിയത്. രാജ്യാന്തതാരങ്ങള് വരെ പരിശീലനം നടത്തിയ സ്കൂള്‍ മൈതാനം ഇല്ലാതാക്കാന്‍ അനുവദിക്കില്ലെന്നും ഇവര്‍ പറയുന്നു. പരിമിതികളുണ്ടെങ്കിലും ഈ മൈതാനത്ത് പരിശീലനം നടത്തിയാണ് താന്‍ ഒളിമ്പിക്സ് വരെ എത്തിയതെന്ന് അനില്‍ കുമാര്‍ പറയുന്നു.
ഹയര്‍സെക്കന്ററി വിഭാഗത്തിന് കെട്ടിടം പണിയാനാണ് ആയാപറമ്പ് ഹയര്‍സെക്കന്ററി സ്കൂള്‍ മൈതാനത്ത് മണ്ണ് പരിശോധന നടത്തിയത്. 200 മീറ്ററില്‍ താഴെ ചുറ്റളവുള്ള മൈതാനത്ത് ബഹുനില കെട്ടിടം പണിയാനാണ് വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം. പഴയകെട്ടിടം പൊളിച്ചുതന്നെ പുതിയത് പണിയാനുള്ള ഇടമുണ്ടായിരിക്കെയാണ് മൈതാനം ഇല്ലാതാക്കാനുള്ള നീക്കം.