റോഡപകടങ്ങള്‍ക്കു പിന്നാലെ റോഡു ഗതാഗതം തടസപ്പെടുത്തിയുളള പ്രതിഷേധങ്ങള്‍ നമ്മുടെ നാട്ടില്‍ പതിവാണ്. പക്ഷേ കൂട്ടുകാരന് അപകടത്തില്‍പ്പെടാന്‍ കാരണമായ റോഡിലെ കുഴികള്‍ അടച്ചാണ് മൂവാറ്റുപുഴയില്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചത്.
നാട്ടിലെ പൊതുപ്രവര്‍ത്തകരും തദ്ദേശ സ്ഥാപനങ്ങളും പൊതുമരാമത്ത് വകുപ്പുമെല്ലാം കാലങ്ങളായി അവഗണിച്ചിട്ടിരിക്കുന്ന മൂവാറ്റുപുഴ ഇഇസി മാര്‍ക്കറ്റ് ബൈപാസ് റോഡിലെ കുഴിയടയ്ക്കാനാണ് ഈ വിദ്യാര്‍ഥികള്‍ ഒന്നിച്ചത്. മൂവാറ്റുപുഴ ഇലാഹിയ എന്‍ജിനീയറിങ് കോളജിലെ ഇവരുടെ സഹപാഠിയായ ഇബ്രാഹിമിന് കഴിഞ്ഞ ദിവസം ഈ കുഴികളിലൊന്നില്‍ വീണ് പരുക്കേറ്റിരുന്നു. ഈ അപകടത്തെ തുടര്‍ന്നാണ് പ്രതിഷേധ സൂചകമായി റോഡ് നന്നാക്കാന്‍ വിദ്യാര്ഥികളിറങ്ങിയത്. റോഡില്‍ കോണ്‍ക്രീറ്റ് കട്ടകള്‍ നിരത്തിയാണ് വിദ്യാര്‍ഥികള്‍ കുഴിയടച്ചത്.വിദ്യാര്‍ഥികളുടെ ഉദ്യമത്തിന് പിന്തുണയുമായി കാമ്പസിലെ അധ്യാപകരും ഒപ്പമിറങ്ങി.