തൃശൂര്‍ മണ്ണുത്തി ദേശീയപാതയില്‍ തകര്‍ന്ന റോഡ് നേരെയാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്നു മന്ത്രിമാരുടെ വീടുകളിലേക്ക് മാര്‍ച്ച് നടത്തുമെന്ന് തൃശൂര്‍ ഡി.സി.സി. പ്രസിഡന്റ് ടി.എന്‍.പ്രതാപന്. റോഡുകള്‍ തകര്‍ന്നതില്‍ പ്രതിഷേധിച്ച് തൃശൂരില്‍ കോണ്‍ഗ്രസ് നടത്തിയ രാപകല്‍ സമരമായിരുന്നു വേദി.
മണ്ണുത്തി. വടക്കുഞ്ചേരി ദേശീയപാത തകര്‍ന്നിട്ടും സര്‍ക്കാര്‍ അനങ്ങാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം. മൂന്നു മന്ത്രിമാരുള്ള ജില്ലയില്‍ റോഡുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടും ടാറിങ് നടത്താന്‍ ആരും ഇടപെടാത്തതിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രൂക്ഷമായി വിമര്‍ശിച്ചു. ദേശീയപാത നേരെയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടാത്ത സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ സമീപിക്കുമെന്ന് രമേശ് ചെന്നിത്തല ഉറപ്പു നല്കി.
തകര്‍ന്ന റോഡില്‍ ടോള്‍ പിരിക്കാന്‍ വന്നാല്‍ കമ്പനിക്കാരെ കൈകാര്യം ചെയ്യുമെന്നായിരുന്നു ഡി.സി.സി. പ്രസിഡന്റ് ടി.എന്‍.പ്രതാപന്റെ മുന്നറിയിപ്പ്. മന്ത്രിമാരുടെ വീടുകളുടെ മുന്നിലേക്ക് പ്രതിഷേധം മാറ്റും.
രാപകല്‍ സമരത്തിന്റെ സമാപനത്തില്‍ പങ്കെടുക്കാന്‍ ഉമ്മന്‍ചാണ്ടിയെത്തും.