ആലപ്പുഴ ചെങ്ങന്നൂരില്‍ പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് പരാതി. നങ്ങ്യാര്കുളങ്ങളര സ്വദേശികളാണ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍ .
ചെങ്ങന്നൂര്‍ കൊല്ലകടവിലുള്ള സ്വകാര്യആശുപത്രിക്കെതിരെയാണ് നങ്ങ്യാര്‍കുളങ്ങര സ്വദേശികളായ സെബിന് - രഞ്ചു ദമ്പതികള്‍ പരാതി നല്‍കിയിരിക്കുന്നത്. സാധാരണ പ്രസവം എന്നനിലയില്‍ കഴിഞ്ഞ ഏഴാംതീയതി രഞ്ചുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പന്ത്രണ്ടാംതീയതി അടിയന്തിര ശസ്ത്രക്രിയ നടത്തി കുട്ടിയെ പുറത്തെടുത്തു. കുട്ടിയുടെ ആരോഗ്യനില മോശമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ കുട്ടിയുടെ മരണം സ്ഥിരീകരിച്ചു. കൃത്യസമയത്ത് ചികില്‍സ ലഭ്യമാക്കാന്‍ ഡോക്ടറും ആശുപത്രി ജീവനക്കാരും തയാറാകാതിരുന്നതാണ് കുട്ടി മരിക്കാന്‍ കാരണമെന്ന് മാതാപിതാക്കള്‍ പറയുന്നു.
ഇതിനിടയില്‍ കുട്ടിയെ കൊച്ചിയിലെ സ്വകാര്യആശുപത്രിയിലും കാണിച്ചിരുന്നു. ചികില്‍സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പരാതിയുടെ അടിസ്ഥാനത്തില്‍ വെണ്മണി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.