കോരിച്ചൊരിയുന്ന മഴയത്ത് കൊച്ചി ചമ്പക്കര കായലില്‍ ആവേശ തിരമാലയുയര്ത്തി എരൂര്‍ ചമ്പക്കര ജലോത്സവം. കനത്തമഴയില്‍ വടംപൊട്ടി പായല്‍ കൂട്ടമായി ട്രാക്കിലേക്ക് ഒഴുകിയെത്തിയതോടെ ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളങ്ങളുടെ ഫൈനല്‍ മത്സരം റദ്ദാക്കി. മഴയേയും ഒപ്പം പായലിനേയും അതിജീവിച്ച ചുണ്ടന് വള്ളങ്ങളുടെ ഫൈനല്‍ മത്സരത്തില്‍ പായിപ്പാടന് ജേതാക്കളായി.
പേമാരിയിലും ചോരാത്ത ആവേശ കൈത്താളം. ഇത് ഊര്‍ജമാക്കിയാണ് പായിപ്പാടനും ആയാപറമ്പ് പാണ്ടിയും ശ്രീ ഗണേഷും ഒാളപരപ്പില് പങ്കായം പായിച്ചെത്തിയത്. ഇഞ്ചോടിഞ്ച് വള്ളപാടിനാണ് ആയാപറമ്പിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി നിലവിലെ ചാംപ്യന്മാരായ പായിപ്പാടന് ഇത്തവണയും ട്രോഫി സ്വന്തമാക്കിയത്. മഴകാരണം നിശ്ചയിച്ചതിലും ഏറെ വൈകിയാണ് ഹീറ്റ്്സ് മത്സരങ്ങള്‍ ആരംഭിച്ചത്. സ്റ്റാര്‍ട്ടിങ് പോയിന്റായ കണ്ണാടിക്കാട് പാലത്തിന് സമീപവും ചമ്പക്കര പാലത്തിന് താഴെയും വടം കെട്ടിയായിരുന്ന പായല്‍ നിയന്ത്രിച്ചത്. ഇരുട്ടുകുത്തി ബി ഗ്രേഡ് ഹീറ്റ്്സ് മത്സരത്തിനിടെ തൈക്കൂടം ടിബിസി ബോട്ട്ക്ലബിന്റെ വള്ളം മുങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ അഗ്നിശമന സേനയുടെ രക്ഷാബോട്ടെത്തി തുഴച്ചില്‍കാരെ മുഴുവന്‍ രക്ഷപ്പെടുത്തി.
ഇരുട്ടുകുത്തി വള്ളങ്ങളുടെ ഫൈനലില്‍ തൈക്കൂടം ബോട്ട് ക്ലബിന്റെ താണിയന്‍ ജേതാക്കളായി. ചുണ്ടന് വള്ളങ്ങളുടെ ഫൈനലിന് ശേഷം വടംപൊട്ടി പായല്‍ കൂട്ടമായി ട്രാക്കിലേക്ക് ഒഴുകിയെത്തിയതോടെ ഇരുട്ടുകുത്തി എ ഗ്രേഡ് ഫൈനല്‍ റദ്ദാക്കി. ഫൈനലില്‍ മത്സരിക്കേണ്ട മൂന്ന് പേര്‍ക്കുമായി ഒന്നാം സ്ഥാനം പങ്കിട്ടു നല്കി. കനത്ത മഴയും കാറ്റും അവഗണിച്ചാണ് ചമ്പക്കരകായലിന്റെ ഇരു കരകളിലുമായി ആയിരങ്ങള്‍ തടിച്ചുകൂടിയത്.