നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ആലുവ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ പഴയ കെട്ടിടം അടച്ചുപൂട്ടി. കോംപൗണ്ടില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിലാവും ഇനി മുതല്‍ ഗസ്റ്റ് ഹൗസിന്റെ പ്രവര്‍ത്തനം.
സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും പ്രിയപ്പെട്ട താമസ സ്ഥലമാണ് ആലുവയിലെ സര്‍ക്കാര്‍ അതിഥി മന്ദിരം. രാജഭരണ കാലത്ത് പെരിയാറിന്റെ കരയില്‍ നിര്‍മിക്കപ്പെട്ട പഴയ ബ്ലോക്കില്‍ മുറി ഉറപ്പാക്കിയ ശേഷം മാത്രം കൊച്ചിയിലെത്തുന്ന രാഷ്ട്രീയ നേതാക്കള്‍ പോലുമുണ്ട് സംസ്ഥാനത്ത്. എന്നാല്‍ ഏവര്‍ക്കും പ്രിയപ്പെട്ട പഴയ ബ്ലോക്കിലെ മിക്ക മുറികളും നാശോന്മുഖമായതോടെയാണ് അറ്റകുറ്റപ്പണിക്കായി ഇവിടം അടച്ചിടാന്‍ വിനോദസഞ്ചാര വകുപ്പ് തീരുമാനിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും വരെ സമീപത്തെ പുതിയ ബ്ലോക്കിലാവും അതിഥികള്‍ക്കായി താമസസൗകര്യമൊരുക്കുക
രണ്ടു കോടി രൂപ ചെലവില്‍ പൊതുമരാമത്ത് വകുപ്പാവും കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക.