പ്രതീക്ഷയുടെ നാളേക്ക് കൈത്താങ്ങുമായി ആലപ്പുഴ ജില്ലാപൊലീസിന്റെ മാതൃകാ പദ്ധതി. പരീക്ഷയിൽ പരാജയപ്പെട്ട് പഠനം ഉപേക്ഷിച്ച കുട്ടികളെ സമൂഹത്തിന്റെ മുഖ്യ ധാരയിലെത്തിക്കലാണ് ദൗത്യം. ഹോപ്പ് പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ജി.സുധാകരന് നിര്‍വഹിച്ചു
പത്താംക്ലാസ്സ് പരീക്ഷയിൽ പിന്നാക്കംപോയ കുട്ടികള്‍ക്ക് വീണ്ടും പരീക്ഷയെ നേരിട്ട് വിജയം ഉറപ്പിക്കാനുള്ള പ്രത്യേക പദ്ധതിക്കാണ് തുടക്കമായത്. കാര്യകാരണങ്ങള്‍ മനസ്സിലാക്കി കുട്ടികളെ പഠനത്തിലേക്ക് തിരിച്ചു കൊണ്ടുവരും. തോറ്റ വിഷയങ്ങൾക്ക് ട്യൂഷനും ആത്മവിശ്വാസം നൽകുന്നതിനുള്ള പരിശീലനങ്ങളും നൽകും. ജില്ലയില്‍ നാലുകേന്ദ്രങ്ങളിലായാണ് സൗകര്യം ഒരുക്കുക. വിദ്യാഭ്യാസരംഗത്ത് സമൂലമായ മാറ്റം സാധ്യമാകാത്തത് അക്കാദമിക രംഗം കൈകാര്യംചെയ്യുന്നവരുടെ മാനസിക വികാസമില്ലായ്മ കൊണ്ടാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത മന്ത്രി ജി.സുധാകരന് കുറ്റപ്പെടുത്തി
ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രന് മുന്‍കൈയെടുത്ത് ആരംഭിച്ച പരിപാടിയെ മന്ത്രി അഭിനന്ദിച്ചു. പഠനം ഉപേക്ഷിച്ച കുട്ടികള്‍ സാമൂഹ്യവിരുദ്ധപ്രവര്ത്തനങ്ങളില് ഏര്പ്പെടാതിരിക്കലും ഹോപ്പിന്റെ ലക്ഷ്യമാണ്. എറണാകുളം റേഞ്ച് ഐ.ജി പി.വിജയൻ പദ്ധതി വിശദീകരിച്ചു. ആലപ്പുഴ നഗരസഭാദ്ധ്യക്ഷൻ തോമസ് ജോസഫ്, ജില്ലയിലെ ഡി.വൈ.എസ്.പിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.