തിരുവോണനാളിൽ അഗതികൾക്ക് സദ്യയൊരുക്കി വരാപ്പുഴ അതിരൂപത. ബിഷപ്സ് ഹൗസിൽ സംഘടിപ്പിച്ച തിരുവോണസദ്യവിളമ്പിയത് അതിരൂപത ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലാണ്.
ഓണമുണ്ടുറങ്ങുമ്പോൾ ഓർക്കണമിതും കൂടി ഓണമുണ്ണാത്തോരുണ്ടീ നാട്ടിലെന്ന് പാടിയത് കവി അയ്യപ്പപ്പണിക്കരാണ്. ഓണനാളിൽ പോലും ഒരു വറ്റ് കിട്ടാത്തവരെ തേടിയെത്തി അവർക്ക് കൊച്ചിയിൽ ഓണമൊരുക്കി വരാപ്പുഴ അതിരൂപത. തെരുവിൽ അലയുന്നവരെയും അഗതികളെയും ബിഷപ്സ് ഹൗസിൽ എത്തിച്ചായിരുന്നു ഓണവിരുന്ന്. ഇവർക്ക് അതിരൂപത ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സദ്യ വിളമ്പി.
മറ്റ് വൈദികരും അദ്ദേഹത്തിനൊപ്പം വിളമ്പാനെത്തി. ഓണമുണ്ട് നിറഞ്ഞാണ് തെരുവിൽ നിന്നുള്ളവർ മടങ്ങിയത്.