തൊടുപുഴ അല്‍ അസ്ഹര്‍ കോളജിലെ മെഡിക്കല്‍ പ്രവേശനത്തിന് അനുമതി നല്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഇവിടെ പ്രവേശനം നേടിയ നൂറ്റിയന്പത് വിദ്യാര്‍ഥികളുടെ പ്രവേശനം കോടതിയുത്തരവോടെ റദ്ദായി. എന്നാല്‍, പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ഇളവ് വേണമെങ്കില്‍ പ്രത്യേകം ഹര്‍ജി സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.
ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ഹര്‍ജിയിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതിയില്ലാതെ എം.ബി.ബി.എസ് സീറ്റുകളിലേക്ക് കോളജിന് എങ്ങനെ പ്രവേശനം നടത്താന്‍ സാധിക്കുമെന്ന വാദം കോടതി അംഗീകരിച്ചു. അല്‍ അസ്ഹര്‍ കോളജിന് അനുമതി നല്കുന്ന കാര്യം പരിഗണിക്കാമെന്ന് മാത്രമാണ് ഹൈക്കോടതിയില്‍ പറഞ്ഞത്. എന്നാല്‍, നൂറ്റിയന്പത് സീറ്റുകളിലേക്കും പ്രവേശനം നടത്താന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ വാദിച്ചു. കൗണ്‍സിലിന്റെ വാദം അംഗീകരിച്ച സുപ്രീംകോടതി, ഹൈക്കോടതി നടപടി റദ്ദാക്കുകയായിരുന്നു. പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ കാര്യത്തിലെ ആശങ്കയും കോടതി മറച്ചുവച്ചില്ല. ഇതുസംബന്ധിച്ച് പുതിയ റിട്ട് ഹര്‍ജി സമര്‍പ്പിക്കാന്‍ കോളജിന് കോടതി അനുമതി നല്കി.