സര്‍ക്കാര്‍ സ്കൂളുകളിലെ ക്ലാസ് മുറികള്‍ക്ക് മോടിയേകാന്‍ പൊതുമേഖലാ സ്ഥാപനമായ കാഡ്കോയുടെ ഗുരുകുലം പദ്ധതി. വിദ്യാഭ്യാസവകുപ്പുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ മാതൃകാ ക്ലാസ് റൂം ആലപ്പുഴയില്‍ മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.
കൈത്തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ വൈദഗ്ധ്യം ഏകോപിപ്പിച്ച് പൊതുവിദ്യാലയങ്ങള്‍ പുനര്‍നിര്‍മ്മിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മെച്ചപ്പെട്ട ക്ലാസുമുറികള്‍ ഒരുക്കുമ്പോള്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങളും ആര്‍ട്ടിസാന്‍സ് ഡവലപ്മെന്റ് കോര്പറേഷന് ലക്ഷ്യമിടുന്നു. കലവൂര്‍ ഹയര്‍സെക്കന്ററി സ്കൂളിലാണ് ആദ്യ ക്ലാസ് റൂം തുറന്നത്.
ഒരു ലക്ഷത്തി എഴുപത്തിയയ്യായിരം രൂപയാണ് ഒരു ക്ലാസുമുറി ഒരുക്കാനുള്ള ചെലവ്. നാല്പത് കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്. സംസ്ഥാനത്ത് ഇത്തരത്തില്‍ ആയിരം ക്ലാസ് മുറികളാണ് ഈ അധ്യയനവര്‍ഷം നിര്‍മിക്കുന്നത്. അഞ്ചുവര്‍ഷം കൊണ്ട് പദ്ധതിയുടെ ആദ്യഘട്ടം പാര്ത്തീകരിക്കാനാണ് കാഡ്കോയും വിദ്യാഭ്യാസ വകുപ്പും ലക്ഷ്യമിടുന്നത്.