ഓണാവധി സാഹസികമായി ആഘോഷിക്കാൻ മാട്ടുപ്പെട്ടിയിൽ അവസരമൊരുക്കുകയാണ് കെഎസ്ഇബി. ഹൈഡൽ ടൂറിസത്തിന്റെ കീഴിലുള്ള കൗബോയ് പാർക്കിൽ പുതിയ സാഹസിക റൈഡുകൾ ആരംഭിച്ചു. ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിലെ മിന്നും താരം ഹർമൻപ്രീത് കൗറാണ് റൈഡുകൾ ഉദ്ഘാടനം ചെയ്തത്.
സാഹസികതയ്ക്ക് ഊന്നൽ നൽകി ഒപ്പം വിസ്മയകാഴ്ചകളും നിറയുന്ന സങ്കേതമാണ് മാട്ടുപ്പെട്ടിയിലെ കൗബോയ് പാർക്ക്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഇടം. പുതിയ റൈഡുകളും കംപ്യൂട്ടർ ഗെയിമുകളും ഒരുക്കി സന്ദർശകരുടെ മനം കീഴടക്കുകയാണ് കെഎസ്ഇബി. അതിസാഹസിക റൈഡുകൾക്കൊപ്പം കണ്ണാടി കൂടാരവും, മഴപെയ്യും കാടുകളും ഉൾപ്പെടുത്തി സാഹസിക ലോകം സമ്പന്നമാക്കി. റൈഡുകളെ കുറിച്ച് കേട്ടപ്പോൾ ഉദ്ഘാടകയ്ക്കും ആവേശമായി.
സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും ഗ്രൂപ്പുകൾക്കും സൗജന്യ ഉച്ച ഭക്ഷണമുൾപെടുത്തിയുളള പ്രത്യേക പാക്കേജുകളും ഇത്തവണ ഒരുക്കിയിട്ടുണ്ട്. മാട്ടുപ്പെട്ടി ജലാശയത്തോട് ചേർന്ന് പ്രകൃതി സൗന്ദര്യം ഒട്ടും ചോരാതെയാണ് പാർക്ക് ഒരുക്കിയിട്ടുള്ളത്. പാർക്കിനോട് ചേർന്നുള്ള സൺമൂൺവാലി ബോട്ടിങ് സെന്ററും മറ്റൊരു ആകർഷണമാണ്.