തൃശൂര്‍ പൂരത്തിന് കുടമാറ്റം നടക്കുന്ന തെക്കേഗോപുര നടയില്‍ വീണ്ടും നിറങ്ങള്‍ വിരിഞ്ഞു. കുടകള്‍ക്കു പകരം പൂക്കളിലാണ് വര്‍ണങ്ങള്‍ വിരിഞ്ഞത്. സായാഹ്ന സൗഹൃദ കൂട്ടായ്മയാണ് കൂറ്റന്‍ പൂക്കളം തീര്‍ത്തത്.
അന്‍പതടി വ്യാസമുണ്ട് ഈ കൂറ്റന്‍ പൂക്കളത്തിന്. പത്തു വര്‍ഷം മുമ്പ് തുടങ്ങിവച്ചതാണിത്. എല്ലാ ഓണത്തിന് മുമ്പും ഇങ്ങനെ കൂറ്റന്‍ പൂക്കളമൊരുക്കും. വടക്കുന്നാഥന്റെ തെക്കേഗോപുരനടയില്‍. സന്ധ്യാ നേരങ്ങളില്‍ ദിവസവും കാണുന്ന സുഹൃത്തുക്കളുടെ കൂട്ടായ്മയാണ് പൂക്കളമിട്ടത്. രണ്ടു ദിവസമെടുത്താണ് കളം വരച്ചു തീര്‍ത്തത്. പിന്നെ, പൂക്കളമിട്ട് നിറയ്ക്കാന്‍ മണിക്കൂറുകളെടുത്തു. പൂരപറമ്പില്‍ പൂക്കളമിട്ടാണ് തൃശൂരിന്റെ ഓണാഘോഷം തുടങ്ങിയത്. കൂറ്റന്‍ പൂക്കളത്തിന്റെ പശ്ചാത്തലത്തില്‍ സെല്‍ഫിയെടുക്കാനും ആളുകള്‍ തിരക്കുക്കൂട്ടി. പൂക്കളത്തിന്റെ മോടി കൂട്ടാന്‍ കുമ്മാട്ടികളും തെക്കേഗോപുരനടയില്‍ ഇറങ്ങി.
പൂക്കളം നാടിനു സമര്‍പ്പിക്കുന്ന ചടങ്ങില്‍ പി.കെ.ബിജു ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. പുലിക്കളി ഉല്‍സവത്തിനും കൊടികയറി. ഇനി നാലോണ നാളില്‍ പുലികളിറങ്ങി നഗരം കീഴടക്കിയ ശേഷമേ ഓണാഘോഷത്തിന് തിരശീല വീഴൂ. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് ഓണാഘോഷം. ഇനി ഓണം കഴിയുന്നതു വരെ ദിവസവും സന്ധ്യയ്ക്കു വിവിധ കലാവിരുന്നും വടക്കുന്നാഥ ക്ഷേത്ര മൈതാനിയില്‍ നടക്കും.