കൂലിവര്‍ധന ആവശ്യപ്പെട്ട് ആലപ്പുഴ അരൂരില്‍ ചെമ്മീന്‍ ഫാക്ടറികളിലെ തൊഴിലാളികള്‍ നടത്തിവരുന്ന സമരം രണ്ടാഴ്ച പിന്നിട്ടു. സംസ്കരണ ശാലയ്ക്ക് മുന്നില്‍ സമരം നടത്തിയ തൊഴിലാളികളെ പൊലീസ് അറസ്റ്റുചെയ്തുനീക്കിയെങ്കിലും സമരം വ്യാപിപ്പിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.
കാലാനുസൃതമായി കൂലി വര്‍ധിപ്പിച്ചു നല്‍കാത്തതാണ് സമരത്തിനാധാരം. ഒരു കിലോഗ്രാം ചെമ്മീന്‍ വൃത്തിയാക്കിയാല്‍ ഒരു തൊഴിലാളിക്ക് ലഭിക്കുന്നത് 14 രൂപ 50 പൈസയാണ്. ഇത് ഇരുപത്തിയഞ്ച് രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. എന്നാല്‍ മാനേജ്്മെന്റുകള്‍ തയ്യാറല്ല. സമരമല്ലാതെ മറ്റ് മാര്‍ഗമില്ലാതെ വന്നതോടെയാണ് സ്ത്രീതൊഴിലാളികള്‍ ഫാക്ടറികള്‍ക്ക് മുന്നില്‍ കുത്തിയിരിപ്പ് ആരംഭിച്ചത്. തൊഴില്‍ തടസപ്പെടുത്തിയതോടെ പൊലീസ് എത്തി നൂറോളം തൊഴിലാളികളെ അറസ്റ്റുചെയ്തുനീക്കി.
പൊലീസ് സ്റ്റേഷനിലും പ്രതിഷേധസമരം തുടര്‍ന്നതോടെ തൊഴിലാളികളെ ജാമ്യത്തില്‍ വിട്ടു. സ്വതന്ത്രമല്‍സ്യത്തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍പേര്‍ പീലിങ് തൊഴില്‍ ചെയ്യുന്നത് ആലപ്പുഴ ജില്ലയിലാണ്. തൊള്ളായിരത്തിനടുത്ത് യൂണിറ്റുകളിലായി അമ്പതിനായിരത്തോളം തൊഴിലാളികളാണ് പണിയെടുക്കുന്നത്. ചുരുക്കം സ്ഥാപനങ്ങളില്‍ ഒഴികെ മാന്യമായ വേതനം ലഭിക്കുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി. വ്യവസായികള്‍ക്ക് ഒപ്പമാണ് പ്രധാനതൊഴിലാളി യൂണിയനുകളെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.