ചങ്ങനാശേരി ∙ ക്രിസ്തുവിന്റെ പ്രതിമയുടെ കൈയിൽ എസ്എഫ്ഐയുടെ പതാകയുമായി നിൽക്കുന്ന ചിത്രം ഫെയ്സ് ബുക്കിൽ പ്രചരിപ്പിച്ചതു വിവാദമായി. ചങ്ങനാശേരി എസ്ബി കോളജ് അങ്കണത്തിലുള്ള യേശുക്രിസ്തുവിന്റെ പ്രതിമയിൽ കുരിശിന്റെ സ്ഥാനത്ത് എസ്എഫ്ഐയുടെ പതാക പിടിച്ചിരിക്കുന്നതായാണു ദൃശ്യം.
യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്ബിയിൽ എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചതിൽ അഹങ്കരിച്ചാണ് ഇതു ചെയ്തതെന്നും എസ്എഫ്ഐയാണ് ഇതിനു പിന്നിലെന്നും ആരോപണവുമായി കെഎസ്യു രംഗത്തെത്തി. എസ്ബി കോളജിലെ വിദ്യാർഥിയല്ലാത്ത ഒരാൾ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രവുമായി സംഘടനയ്ക്കു ബന്ധമില്ലെന്നും ഇത് എസ്ബി കോളജ് ആണെന്നു ചിത്രീകരിക്കുന്നത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും എസ്എഫ്ഐ നേതൃത്വം അറിയിച്ചു.