തൃശൂര്‍ കൊക്കാലയില്‍ നാട്ടുകാര്‍ക്കും പൊലീസിനും ഒരുപോലെ തലവേദന സൃഷ്ടിച്ചിരുന്ന സാമൂഹികവിരുദ്ധ താവളം എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ തുടച്ചുമാറ്റി. ആരും കാണാന്‍ കൊതിക്കുന്ന കുട്ടികളുടെ പാര്‍ക്ക് നിര്‍മിച്ചാണ് ഗവണ്മെന്റ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ സാമൂഹിക പ്രതിബദ്ധത തെളിയിച്ചത്.
റയില്‍വേ സ്റ്റേഷന് പരിസരത്തുള്ള കൊക്കാല കുളത്തിന്റെ സമീപത്തേയ്ക്കു രാത്രികാലങ്ങളില്‍ നാട്ടുകാര്‍ പോലും പോകാറില്ല. കഞ്ചാവും ലഹരിമരുന്നും ഉപയോഗിക്കുന്നവരുടെ ഇടം. അനാശാസ്യ സംഘങ്ങള്‍ വിലസയിരുന്ന വഴി. ഇങ്ങനെ, കാടുകയറിയ ഭൂമി ഇപ്പോള്‍ എങ്ങനെയായെന്നു കാണാം.
തൃശൂര്‍ ഗവണ്മെന്റ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ പഠനത്തിന്റെ ഭാഗമായ പ്രോജക്ടിനെക്കുറിച്ച് ആലോചിച്ചു. സമൂഹത്തിന് ഗുണകരമായ എന്തെങ്കിലും വേണമെന്ന് ചിന്തിച്ചു.
ടാര്‍ വീപ്പ ചെണ്ടയാക്കി. ഉപേക്ഷിച്ച ടയറുകള്‍ അലങ്കരിച്ച് കസേര നിര്‍മിച്ചു. ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടൊരു കവാടം. മാലിന്യമായി ഉപേക്ഷിച്ച സാധനങ്ങള്‍ മാത്രം ഉപയോഗിച്ചാണ് കളിയുപകരണങ്ങള്‍ നിര്‍മിച്ചത്. മുപ്പതോളം വിദ്യാര്‍ഥികള്‍ രണ്ടു മാസമെടുത്തു ഈ പാര്‍ക്കു നിര്‍മിക്കാന്‍. മാലിന്യ നിറഞ്ഞ പ്രദേശം വൃത്തിയാക്കി തീര്‍ന്നപ്പോള്‍ ചില വിദ്യാര്‍ഥികള്‍ പനി ബാധിച്ചു കിടപ്പിലായി. പാര്‍ക്ക് സംരക്ഷിക്കാന്‍ പരിസരത്തുള്ള അംഗന്വാടിക്കാരും നാട്ടുകാരും രംഗത്തുണ്ട്.
കൊക്കാലയിലെ കുളത്തിനരകിലുള്ള ഈ പാര്‍ക്കില്‍ ഇനി മുതല്‍ ആര്‍ക്കും വരാം. കുട്ടികള്‍ക്ക് മതിയാവോളം കളിക്കാം. പ്രവേശന ഫീസ് പോലും വേണ്ട. നാടിന് ഗുണകരമായ പാര്‍ക്ക് നിര്‍മിച്ച എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണ് ഇപ്പോള്‍ നാട്ടിലെ സൂപ്പര്‍താരങ്ങള്‍.