കൊച്ചി മെട്രോയില്‍ യുഡിഎഫ് നേതാക്കള്‍ നടത്തിയ ജനകീയ യാത്രക്കെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആരോപണം. പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെ ഗൗരവമേറിയ വകുപ്പുകള്‍ പൊലീസ് ഒഴിവാക്കിയെന്നാണ് ആക്ഷേപം.
മെട്രോ ഉദ്ഘാടനം സിപിഎമ്മും ബിജെപിയും രാഷ്ട്രീയവല്ക്കരിച്ചെന്നാരോപിച്ച് ജൂണ്‍ ഇരുപതിനാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് നേതാക്കള്‍ മെട്രോയാത്ര നടത്തി പ്രതിഷേധിച്ചത്. നേതാക്കള്‍ക്കൊപ്പമെത്തിയ പ്രവര്‍ത്തകരുടെ തിരക്കില്‍ മെട്രോയുടെ പ്രവര്‍ത്തനം തടസപ്പെട്ടുവെന്നും ഉപകരണങ്ങള്‍ക്ക് കേടുപറ്റിയെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ കെഎംആര്‍എല്‍ നല്കിയ പരാതിയില്‍ നേതാക്കളുടെ പേര് പോയിട്ട് ഏതു പാര്‍ട്ടിക്കാരാണ് പ്രതിഷേധിച്ചത് എന്നു പോലുമില്ല. ചുമത്തിയിരിക്കുന്നത് നിസാര വകുപ്പുകളും. ആദ്യം ചുമത്തിയിരുന്ന വകുപ്പുകളില്‍ പലതും പിന്നീട് പൊലീസ് ഒഴിവാക്കുകയും ചെയ്തു. മെട്രോയുടെ പ്രവര്‍ത്തനം അലങ്കോലമാക്കിയ ആദ്യ കേസ് തന്നെ പൊലീസും കെഎംആര്‍എല്ലും ചേര്‍ന്ന് അട്ടിമറിച്ചാല്‍ ഭാവിയില്‍ കൊച്ചി മെട്രോയില്‍ ആര്‍ക്കും എന്തും ചെയ്യാനുള്ള ലൈസന്‍സായി മാറുമെന്നാണ് വിമര്‍ശനം.
ജനകീയ യാത്രയില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ വിവരാവകാശനിയമപ്രകാരം പങ്കുവയ്ക്കാന്‍ കെഎംആര്‍എല്‍ തയാറായില്ലെന്നും ആക്ഷേപമുണ്ട്.